ജിഷ കൊലക്കേസില്‍ അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ, വധശിക്ഷ നല്‍കണമെന്ന് അമ്മയും പ്രോസിക്യൂഷനും

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അസം സ്വദേശി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. പ്രതിക്ക് പറയാനുള്ളതും കൂടി കേട്ട ശേഷമായിരിക്കും ശിക്ഷ വിധിക്കുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ ഏക പ്രതിയായ അമീറുള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പോലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു.

കൊലപാതകം, മരണകാരണമായ ബലാത്സംഗം എന്നീ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞു. എന്നാല്‍ തെളിവു നശിപ്പിക്കല്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധനം എന്നിവ തെളിയിക്കാന്‍ കഴിഞ്ഞില്ല. ഏഴു കുറ്റങ്ങളില്‍ അഞ്ചു കുറ്റങ്ങള്‍ തെളിഞ്ഞു. വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ തെളിയിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അമീറുള്‍ ഇസ്ലാം പറഞ്ഞു. അമിറുളിന് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെയും കുടുംബത്തിന്റെയും ആവശ്യം.

2016 ഏപ്രില്‍ 28 ന് രാത്രി ഏട്ട് മണിയോടെയാണ് പെരുമ്പാവൂരിലെ വീടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. കൊലപാതകിയെ കണ്ടെത്താന്‍ പോലീസിന് ദീര്‍ഘനാളത്തെ അന്വേഷണം നടത്തേണ്ടിവന്നു. മുഴുവന്‍ നാട്ടുകാരുടെയും വിരലടയാളം അടക്കമുള്ളവ ശേഖരിച്ചുവെങ്കിലും കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് ആദ്യം കഴിഞ്ഞില്ല. നാട്ടുകാരടക്കം പലരിലേക്കും സംശയം നീണ്ടു.

SHARE