ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടിയെ പുരുഷന്‍ കല്യാണം കഴിക്കില്ല, പുരോഹിതര്‍ പൂജയും നടത്തില്ല..! യോഗിയെ വേദിയിലിരുത്തി സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

ലക്‌നൗ: വസ്ത്രസ്വാതന്ത്ര്യത്തിന് മേല്‍ അടിച്ചമര്‍ത്തലുകള്‍ നടത്തുന്ന ഖാപ് പഞ്ചായത്തുകളെ കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാല്‍ ഒരു കേന്ദ്രമന്ത്രി തന്നെ ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ചാലോ? കേന്ദ്ര മാനവവിഭവ വികസന സഹമന്ത്രി സത്യപാല്‍ സിങാണ് വിവാദ പ്രസ്താവന നടത്തി വെട്ടിലായിരിക്കുന്നത്.

വിവാഹ മണ്ഡപത്തിലേക്ക് ജീന്‍സ് ധരിച്ചെത്തുന്ന പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ ഒരു പുരുഷനും തയാറാകില്ലെന്ന് സത്യപാല്‍ സിങ് പറയുന്നു. വിവാഹ മണ്ഡപത്തിലേക്ക് ജീന്‍സ് ധരിച്ചെത്തുന്ന പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ ഒരു പുരുഷനും തയാറാകില്ലെന്ന് സത്യപാല്‍ സിങ് പറയുന്നു. ഗോരഖ്പൂരില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഒരു പെണ്‍കുട്ടി ജീന്‍സ് ധരിച്ച് ക്ഷേത്രത്തില്‍ പോകുന്നത് തന്നെ ഒരു സന്യാസിയും തന്റെ പാരമ്പര്യ മൂല്യങ്ങളെ മറന്ന് അംഗീകരിക്കില്ല. നിങ്ങള്‍ കരുതുന്നുണ്ടോ വിവാഹ മണ്ഡപത്തില്‍ ജീന്‍സ് ധരിച്ച് വരുന്ന പെണ്ണിനെ ഏതെങ്കിലും പുരുഷന്‍ കല്യാണം കഴിക്കുമെന്ന്?”, അദ്ദേഹം ചോദിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. വധു പരമ്പരാഗത വസ്ത്രം അണിഞ്ഞില്ലെങ്കില്‍ പുരോഹിതര്‍ പൂജ നടത്തുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് ഓരോ അവസരങ്ങള്‍ക്കും അനുസരിച്ചുള്ള വസ്ത്രധാരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജല വിഭവ വകുപ്പിന്റെയും മാനവ വിഭവശേഷി വകുപ്പിന്റെയും സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് സത്യപാല്‍ സിംഗ്.

SHARE