പാര്‍വതി ആര്.. ശബാനാ ആസ്മിയോ… പറച്ചില്‍ കേട്ടാല്‍ ഇങ്ങനൊരു സ്ത്രീ മുമ്പ് ഇല്ലായിരുന്നില്ലെന്നു തോന്നും; പരിഹാസവുമായി സനല്‍കുമാര്‍ ശശിധരന്‍

കൊച്ചി: ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നിന്ന് എസ് ദുര്‍ഗയെ മാറ്റിനിര്‍ത്തിയ സംഭവത്തില്‍ പാര്‍വ്വതിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പാര്‍വ്വതിക്ക് തന്റെ രാഷ്ട്രീയ നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് പറഞ്ഞ സംവിധായകന്‍, എന്തുകൊണ്ട് ഗോവ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം വാങ്ങിയ ശേഷം തന്റെ സിനിമയെ മാറ്റി നിര്‍ത്തിയതിനെ പറ്റി സംസാരിച്ചില്ലെന്നും ചോദിച്ചു.

നാളെ അവരുടെ സിനിമയുടെ സെന്‍സറിംഗില്‍ പ്രശ്നമുണ്ടാകരുത്, വേറെ ബുദ്ധിമുട്ടുണ്ടാകരുത് എന്നൊക്കെ കരുതിയാണ് മിണ്ടാതിരിക്കുന്നത്. കച്ചവട സിനിമയിലുള്ളവര്‍ക്ക് പ്രതികരിക്കുമ്പോള്‍ പലതിനെയും പേടിക്കണമല്ലോ, കോടിക്കണക്കിന് മുതല്‍മുടക്കുള്ള അവരുടെ പടം പെട്ടിയിലാകും. ചിലപ്പോ നാളെ ആരും അഭിനയിക്കാന്‍ വിളിക്കില്ലെന്നും സനല്‍കുമാര്‍ കുറ്റപ്പെടുത്തി.

പാര്‍വതിയെന്ന നടിയെക്കുറിച്ച് ആളുകള്‍ പറയുന്നത് കേട്ടാല്‍ ഇത്രയും രാഷ്ട്രീയ നിലപാട് ഉള്ള സ്ത്രീ മുമ്പ് ഉണ്ടായിരുന്നില്ലെന്ന് തോന്നും. ഏതാണ്ട് ശബാനാ ആസ്മിയുടെ കൂടെ നിര്‍ത്തിയാണ് പറച്ചില്‍. ശരിക്കും അവര്‍ക്ക് ഉണ്ടെന്ന് പറയപ്പെടുന്ന രാഷ്ട്രീയ നിലപാട് ഒക്കെ സത്യസന്ധമായിരുന്നെങ്കില്‍ ഗോവാ രാജ്യാന്തര മേളയില്‍ അവര്‍ സെക്സി ദുര്‍ഗയ്ക്ക് വേണ്ടി സംസാരിച്ചേനേയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

SHARE