സിപിഐയെ ഒതുക്കാന്‍ പുതിയ നീക്കവുമായി സിപിഎം

തിരുവനന്തപുരം: തങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ക്കെല്ലാം ഇടങ്കോലിടാന്‍ വരുന്നത് സിപിഐ ആണ്. അവരെ നിലയ്ക്കുനിര്‍ത്തണം. അതിനുള്ള വഴിയാണ് സിപിഎം കണ്ടെത്തിയിരിക്കുന്നത്. ഇടത് ഐക്യം ശക്തിപ്പെടുത്താനെന്ന പേരില്‍ കേരള കോണ്‍ഗ്രസ് (എം), ജനതാദള്‍ യു (വീരേന്ദ്രകുമാര്‍ വിഭാഗം) എന്നിവയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതു ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് 14ന് അടിയന്തര യോഗം ചേരും. കേന്ദ്രത്തില്‍നിന്നു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടുമുള്‍പ്പെടെ ഏതാനും നേതാക്കള്‍ പങ്കെടുക്കുമെന്നാണു സൂചന.
ഇവര്‍ കൂടി വന്നാല്‍ സിപിഐ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കില്ല. ഇനി അവര്‍ മുന്നണിയില്‍നിന്നു പോയാലും പ്രശ്‌നമില്ലെന്ന സാഹചര്യമൊരുക്കാനുമാണു സംസ്ഥാന നേതൃത്വം അടിയന്തര നീക്കം നടത്തുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ഇടതുപക്ഷത്തുണ്ടായിരുന്ന ആര്‍എസ്പിയെയും ഫോര്‍വേഡ് ബ്ലോക്കിനെയും പിണക്കിവിട്ടിട്ടു കെ.എം. മാണിയെയും വീരേന്ദ്രകുമാറിനെയും മുന്നണിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനെ പാര്‍ട്ടിയില്‍ പലരും ചോദ്യം ചെയ്യുന്നുണ്ട്. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ നിയമസഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയ പാര്‍ട്ടി ഇപ്പോള്‍ മാണിയെക്കുറിച്ചുള്ള നിലപാടു മറക്കുന്നതു പാര്‍ട്ടിക്ക് അപമാനകരമാകുമെന്ന വിലയിരുത്തല്‍ ചില നേതാക്കള്‍ക്കുണ്ട്.

ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനമുണ്ടാക്കാന്‍ മാണിയുടെ മുന്നണി പങ്കാളിത്തം സഹായിക്കുമെന്ന വാദമാണു സംസ്ഥാന നേതൃത്വം ഉന്നയിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചു ദേശീയനേതൃത്വത്തില്‍ തര്‍ക്കം രൂക്ഷമായിരിക്കെയാണു മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന പ്രശ്‌നമുണ്ട്. സിപിഐയെ ഒതുക്കുകയെന്ന വലിയ ലക്ഷ്യത്തിനുവേണ്ടി അത്തരം നീക്കുപോക്കുകള്‍ ഉചിതമാണെന്ന അഭിപ്രായമാണത്രേ സംസ്ഥാന നേതൃത്വത്തിനുള്ളത്. മുന്നണിയുടെ ഭാഗമാക്കിക്കഴിഞ്ഞാല്‍ ഏറെത്താമസിയാതെ കേരള കോണ്‍ഗ്രസ് എമ്മിനെ സിപിഎമ്മിന്റെ വരുതിയിലാക്കാമെന്ന വിലയിരുത്തലും ചില നേതാക്കള്‍ക്കുണ്ട്.

വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ നേരിട്ട് എല്‍ഡിഎഫില്‍ എടുക്കുന്നതു മുന്നണിയുടെ ഭാഗമാകാന്‍ താല്‍പര്യപ്പെടുന്ന മറ്റു ചില ചെറുപാര്‍ട്ടികളുടെ അനിഷ്ടം ക്ഷണിച്ചുവരുത്തുമെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്. എച്ച്.ഡി.ദേവെ ഗൗഡയുടെ പാര്‍ട്ടിയുടെ ഭാഗമാക്കി വീരേന്ദ്രകുമാറിനെ കൊണ്ടുവന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാവും. എന്നാല്‍, അത്തരമൊരു വിട്ടുവീഴ്ചയ്ക്കു ഗൗഡ തയാറല്ലെന്നാണു സൂചന.

SHARE