ആ സമയങ്ങളില്‍ അമ്പലത്തില്‍ പോകുന്നത് വിലക്കി; സ്വന്തം കുടുംബത്തില്‍നിന്നു നേരിട്ട വിലക്കുകള്‍ തുറന്നുപറഞ്ഞ് നടി സോനം കപൂര്‍

ന്യൂഡല്‍ഹി: ആര്‍ത്തവ കാലത്തെ മാറ്റി നിര്‍ത്തല്‍ താനും അനുഭവിച്ചിട്ടുണ്ടെന്ന തുറന്ന് പറച്ചിലുമായി ബോളിവുഡ് നടി സോനം കപൂര്‍. സ്വന്തം വീട്ടില്‍ നിന്നുണ്ടായിട്ടുള്ള മാറ്റി നിര്‍ത്തലുകളെക്കുറിച്ചാണ് സോനം കപൂര്‍ പറഞ്ഞത്.

ആര്‍ത്തവ കാലങ്ങളില്‍ അമ്പലത്തില്‍ പോകുന്നതിനും അടുക്കളയില്‍ കയറുന്നതിനും അച്ചാറുഭരണിയ്ക്കടുത്തേക്ക് ചെല്ലുന്നതിന് പോലും തങ്ങളെ മുത്തശ്ശി വിലക്കിയിരുന്നുവെന്ന് സോനം കപൂര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. നഗരത്തില്‍ ജീവിച്ചിരുന്ന ഞങ്ങള്‍ വരെ ഇത്തരം നിയന്ത്രണങ്ങള്‍ നേരിട്ടിട്ടുണ്ട് അപ്പോള്‍ ചെറിയ ഗ്രാമങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കേണ്ടതാണെന്ന് സോനം കപൂര്‍ പറഞ്ഞു.

സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക ആപ്തേ എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പാഡ് മാന്‍ എന്ന ചിത്രത്തിന്റെ പ്രമേയവും ഇതുതന്നെയാണ്. സാനിറ്ററി നാപ്കിനുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് ഒടുവില്‍ വിജയം നേടിയ അരുണാചലം മുരുഗാനന്തത്തിന്റെ ജീവിത കഥയാണ് പാഡ് മാന്റെ പ്രമേയം.

ആര്‍ത്തവ ശുചിത്വം എന്നത് വലിയ പ്രശ്നമാണെന്നും എന്നാല്‍ സിനിമയ്ക്ക് പറ്റിയ നല്ലൊരു വിഷയമാണിതെന്ന് കൂടുതല്‍ പേരും ചിന്തിക്കുന്നില്ലെന്നും ബോളിവുഡ് സുന്ദരി പറഞ്ഞു. ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നേരിട്ട അവഗണന ഞെട്ടിപ്പിക്കുന്നതായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

SHARE