കണ്ണൂരില്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം; രോഗികളെ മുഴുവന്‍ മാറ്റി

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 3.15 ഓടെ ഉണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് ആശുപത്രിയിലെ മുഴുവന്‍ രോഗികളെയും മാറ്റി. ഫാര്‍മസിയില്‍നിന്നാണ് തീപിടിത്തമുണ്ടായത്. ഏഴു നിലകളിലുള്ള ആശുപത്രിക്കുള്ളില്‍ മുഴുവന്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് രോഗികള്‍ പരിഭ്രാന്തരായി. കുതിച്ചെത്തിയ അഗ്‌നിശമനസേനയും സമീപവാസികളും ചേര്‍ന്നാണ് ആശുപത്രിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
മുകള്‍ നിലകളില്‍നിന്ന് ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു മറ്റും പുറത്തു ചാടാന്‍ പലരും ശ്രമിക്കുന്നുണ്ടായിരുന്നു. ഇവരെ രക്ഷാപ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന നൂറോളം രോഗികളെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്കു മാറ്റി. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ലിഫ്റ്റിനു സമീപത്തും പുറത്തേക്കുള്ള വഴിയിലും പുക നിറഞ്ഞതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ രോഗികളെ പുറത്തെത്തിച്ചത്. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി, എസ്പി ശിവവിക്രം, ഡിവൈഎസ്പി വേണുഗോപാല്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

SHARE