വെട്ടിമാറ്റപ്പെടുന്നത് സിനിമയുടെ പേരും നഗ്നതയും മാത്രം, പോയി നന്നായിക്കൂടെ..! സ്ത്രീവിരുദ്ധ സംഭാഷണങ്ങളില്‍ സെന്‍സര്‍ ബോര്‍ഡിനെതിരേ നടി പാര്‍വതി

തിരുവനന്തപുരം: സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.

മലയാളം സിനിമ അന്താരാഷ്ട്ര നിലവാരമുള്ളതാണ് എന്നാല്‍ ഉയരുന്നില്ല. സെക്സി ദുര്‍ഗയെന്ന സിനിമയുടെ പേര് എസ് ദുര്‍ഗയെന്ന് ആക്കിയത് സെക്സിയെന്നും ദുര്‍ഗയെന്നും ഒരേ നിരയില്‍ വരുന്നത് ചിലര്‍ക്ക് ബുദ്ധിമുട്ടായതിനാലാണ്. വിശ്വാസത്തിന്റെ പേരില്‍ കലയെ നിര്‍ത്തിവെക്കുന്നത് അത് അവരുടെ തന്നെ അരക്ഷിതാവസ്ഥയാണ്- പാര്‍വതി പറയുന്നു. സദാചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പത്മാവതി അടക്കമുള്ള സിനിമകളെ തടഞ്ഞു വെക്കുന്നവരോട് പാര്‍വതിക്ക് ചോദിക്കാനുള്ളത് ‘നന്നായിക്കൂടേ’യെന്നാണ്.

സിനിമയെന്താണെന്നും കലയെന്താണെന്നും ആദ്യം മനസിലാക്കുക. ആരെയെങ്കിലും അവഹേളിക്കാനോ ആരുടെയെങ്കിലും ജീവിതം താറുമാറാക്കാനോ അല്ല സിനിമ. ഇഷ്ടമില്ലാത്ത സിനിമകള്‍ കാണണ്ട- പാര്‍വതി നിലപാട് വ്യക്തമാക്കുന്നു. ടേക്ക് ഓഫ് എന്ന സിനിമയുടെ അഭിനയത്തിലൂടെ ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ പാര്‍വതി നിര്‍മാണ മേഖലയിലേക്കും പരീക്ഷണം നടത്താന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു.

SHARE