കണ്ണു തുറക്കൂ, ഇതൊരു മുന്നറിയിപ്പാണ്… മെലിഞ്ഞ് എല്ലും തോലുമായ ഹിമക്കരടി മഞ്ഞില്ലാതെ മരണാസന്നനായി ഭക്ഷണം കിട്ടാതെ ഇഴഞ്ഞുനീങ്ങുന്നു(വീഡിയോ)

ഒട്ടാവ: ലോകം ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥാ വ്യതിയാനം വലിയ ദുരന്തങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനകള്‍ പ്രകൃതി നല്‍കിത്തുടങ്ങിയിരിക്കുന്നു. പ്രകൃതിയോട് ചെയ്യുന്ന ദ്രോഹങ്ങളെ തുടര്‍ന്ന് കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റത്തിന്റെ ഇരകളാകുന്നത് മനുഷ്യനൊപ്പം പാവപ്പെട്ട മൃഗങ്ങള്‍ കൂടിയാണെന്നതാണ് പുതിയ ദൃശ്യങ്ങള്‍ െതളിയിക്കുന്നത്.

രോമം കൊഴിഞ്ഞ് മെലിഞ്ഞുണങ്ങിയ ഒരു ഹിമക്കരടിയാണ് വീഡിയോയില്‍ ഉള്ളത്. മരണാസന്നനായ കരടി നടന്നു നീങ്ങാന്‍ കഴിയാത്തതിനാല്‍ ഇഴയുകയാണ്. ഭക്ഷണത്തിനായി പരതി നടക്കുന്ന കരടി മാലിന്യ വീപ്പയില്‍ തലയിട്ട് വായില്‍ തടഞ്ഞ എന്തോഒരു വസ്തു ആര്‍ത്തിയോടെ കടിച്ചുപറിക്കുന്നു. മാസങ്ങളായി ഭക്ഷണമൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് അത് ഒരു നായയെപ്പോലെ മെലിഞ്ഞിരിക്കുന്നു.

പരിസ്ഥിതി ഫോട്ടോഗ്രാഫറായ പോള്‍ നിക്ലിന്‍ ചിത്രീകരിച്ചതാണ് നാഷണല്‍ ജ്യോഗ്രഫിക് പുറത്തു വിട്ട വീഡിയോ. മരണാസന്നനായ കരടി നടക്കാന്‍ പോലുമാവാതെ ഇഴഞ്ഞു നീങ്ങുകയാണ്. കാനഡയില്‍ ഉള്‍പ്പെടുന്ന സോമര്‍സെറ്റ് ധ്രുവപ്രദേശത്തു വെച്ചാണ് നിക്ലിന്‍ ഈ ദൃശ്യം ചിത്രീകരിച്ചത്. മഞ്ഞുമൂടിക്കിടന്നുരുന്ന പ്രദേശത്ത് മഞ്ഞിന്റെ കണികപോലും അവശേഷിക്കുന്നില്ലെന്നത് ചിത്രങ്ങളില്‍ വ്യക്തമാണ്.

SHARE