പഠിക്കാന്‍ പറഞ്ഞതിന് പതിനാറുകാരന്‍ അമ്മയെയും സഹോദരിയേയും കൊലപ്പെടുത്തി

ന്യൂഡല്‍ഹി: പുസ്തകമെടുത്ത് പഠിക്കാന്‍ പറഞ്ഞതിന് അമ്മയെയും പന്ത്രണ്ട് വയസുള്ള സഹോദരിയെയും കൊലപ്പെടുത്തി പതിനാറുകാരന്‍. പഠിക്കാതെ മകന്‍ അലസമായി ഇരിക്കുന്നത് കണ്ട മാതാവ് പുസ്തകമെടുത്ത് പഠിക്കാന്‍ ആവശ്യപ്പെട്ട് മകനെ ശകാരിച്ചിരുന്നു. എന്നാല്‍ അത് അനുസരിക്കാതിരുന്നപ്പോള്‍ മകനെ അമ്മ അടിച്ചതായും പറയുന്നു. ഈ നടപടിയാണ് മകനെ പ്രകോപിപ്പിച്ചത്. രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങിയ അമ്മയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടെഴുന്നേറ്റ പന്ത്രണ്ട് വയസുള്ള സഹോദരിയേയും ഈ പതിനാറുകാരന്‍ നിഷ്‌കരുണം വധിച്ചു. കൊലപാതകത്തിന് ശേഷം വാരണാസിയില്‍ ഒളിച്ച് താമസിച്ച പതിനാറുകാരനെ നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്. പഠനത്തില്‍ പിന്നിലായതിന് അമ്മ ശകാരിക്കുകയും അടിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
ബിസിനസ് ആവശ്യത്തിനായി പിതാവ് പുറത്ത് പോയ സമയത്തായിരുന്നു സംഭവങ്ങള്‍ നടന്നത്. കൊലപാതകത്തിന് ശേഷം കുളിച്ച് വീട്ടില്‍ നിന്ന് പണമെടുത്ത ശേഷം കുട്ടി ഒളിവില്‍ പോവുകയായിരുന്നു. പോകുമ്പോള്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്ത് വീട്ടിലെ ലാന്‍ഡ് ലൈനും ഇന്റര്‍ കോമും ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു കുട്ടി ഒളിവില്‍ പോയത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സഹോദരിയോട് പതിനാറുകാരന് അസൂയ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.
സഹോദരിയെ മാതാപിതാക്കള്‍ തന്നെക്കാള്‍ സ്‌നേഹിച്ചിരുന്നെന്നും നേരത്തെ ഇതില്‍ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും പതിനാറുകാരന്‍ നോയിഡ പൊലീസിനോട് പറഞ്ഞു. നാല് ദിവസത്തെ ഒളിവിന് ശേഷം പിതാവിനെ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. അധികം സുഹൃത്തുക്കളില്ലാതിരുന്ന പ്രകൃതമായിരുന്നു കുട്ടിയുടേതെന്ന് പിതാവ് പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം കുട്ടി തടര്‍ച്ചയായി യാത്ര ചെയ്യുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

SHARE