അയാള്‍ കാലുകൊണ്ട് പുറവും കഴുത്തും തിരുമ്മി, വിമാനത്തില്‍ അനുഭവിച്ച പീഡനം വെളിപ്പെടുത്തി നടി

ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ സഹയാത്രികനില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് ഹിന്ദി ചലച്ചിത്ര നടി സൈറ വസീം രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് എയര്‍ വിസ്താര വിമാനത്തില്‍ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ‘ദംഗല്‍’ എന്ന സിനിമയിലൂടെ പ്രശസ്തയായ സൈറ വെളിപ്പെടുത്തിയത്.
ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ സീറ്റിനു പിന്നിലിരുന്ന വ്യക്തി താന്‍ പാതിയുറക്കത്തിലായിരിക്കുമ്പോള്‍ കാലുകൊണ്ട് പിന്നില്‍നിന്ന് കഴുത്തുവരെ ഉരസി അപമാനിച്ചുവെന്നാണ് സൈറയുടെ ആരോപണം. സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന വിഡിയോ സൈറ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

തനിക്കുണ്ടായത് വളരെ മോശം അനുഭവമാണെന്ന് സൈറ പറയുന്നു. അയാള്‍ ചെയ്തതു ശരിയായില്ല. ഒരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവം ഇനിയുണ്ടാകരുത്. ഇത് ഭീകരമാണ്. പെണ്‍കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നത് ഇങ്ങനെയാണോ? നമ്മെ സഹായിക്കാന്‍ നാം സ്വയം തീരുമാനിച്ചില്ലെങ്കില്‍ ആരും സഹായത്തിനുണ്ടാകില്ലെന്നും സൈറ വിഡിയോയില്‍ പറയുന്നു. ഈ വ്യക്തിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവു മൂലം സാധിച്ചില്ലെന്നും സൈറ വ്യക്തമാക്കുന്നു.
ഏകദേശം 10–-15 മിനിറ്റോളം അയാള്‍ മോശം പെരുമാറ്റം തുടര്‍ന്നു. അയാള്‍ എന്റെ ചുമലില്‍ തട്ടുകയും കാലുകൊണ്ട് പുറവും കഴുത്തും തിരുമ്മുകയും ചെയ്തു. ഇതിന്റെ വിഡിയോ ചിത്രീകരിക്കാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യമൊക്കെ വിമാനത്തിന്റെ ഇളക്കത്തെ തുടര്‍ന്ന് തനിക്ക് തോന്നുന്നതാണെന്നാണു കരുതിയത്. പിന്നീടാണ് തന്നെ മനഃപൂര്‍വം അപമാനിക്കുന്നതാണെന്നു മനസിലായതെന്നും സൈറ പറഞ്ഞു. തന്നെ സഹായിക്കാന്‍ തയാറാകാതിരുന്ന വിമാനാധികൃതരെയും സൈറ വിമര്‍ശിച്ചു.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എയര്‍ വിസ്താര അറിയിച്ചു. മറ്റൊരു യാത്രക്കാരിയും ഇതേ അനുഭവത്തെക്കുറിച്ചു പരാതിപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എയര്‍ വിസ്താര വ്യക്തമാക്കി.

SHARE