ബ്ലൂടൂത്ത് വിവാദത്തില്‍ നാണംകെട്ട് കോണ്‍ഗ്രസ്; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പണികൊടുത്തത് ഇകോ ഫീച്ചര്‍ ഫോണ്‍..!

അഹമ്മദാബാദ്: ഇന്നലെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ വിവാദമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുന്നത് ഇങ്ങനെയാണ്. ക്രമക്കേടു നടന്നുവെന്ന് കോണ്‍ഗ്രസ് പ്രതിനിധികളെ തെറ്റിദ്ധരിപ്പിച്ചത് ആയിരം രൂപയ്ക്ക് താഴെ വിലയുളള ഫീച്ചര്‍ ഫോണെന്ന് റിപ്പോര്‍ട്ട്. വോട്ടിങ് യന്ത്രത്തില്‍ ബ്ലൂടൂത്ത് ഘടിപ്പിച്ച് ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി.
ഇകോ 105 എന്ന ബ്ലൂടൂത്ത് പരാതിക്കാരന്റെ മൊബൈലില്‍ ലിസ്റ്റ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. എന്നാല്‍ പരാതിക്കാരന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇകോ 105 മറ്റൊരു ഫോണില്‍ നിന്നുള്ള ബ്ലൂടൂത്ത് കണക്ഷന്‍ ആണെന്ന് മനസ്സിലായി. ബ്ലൂടുത്ത് കണക്ഷന് വോട്ടിങ് യന്ത്രവുമായി ബന്ധമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഇന്റക്‌സിന്റെ ഇകോ 105 എന്നൊരു ഫോണ്‍ വിപണിയിലുണ്ട്. ഈ ഫോണില്‍ നിന്നുള്ള ബ്ലൂടൂത്ത് പ്രവര്‍ത്തിച്ചപ്പോഴാണ് പരാതിക്കാരന്റെ മൊബൈലിലും ഇകോ 105 ലിസ്റ്റ് ചെയ്തത്. എന്നാല്‍ ഇകോ 105 കോഡ് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ടുള്ളതാണെന്ന് പരാതിക്കാരന്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ബ്ലൂടൂത്ത് വി2.1 സംവിധാനുള്ള ഇകോ 105 ഫീച്ചര്‍ ഫോണ്‍ ഈ വര്‍ഷം ആദ്യത്തിലാണ് വിപണിയില്‍ എത്തിയത്. കാര്യങ്ങള്‍ വ്യക്തമായതോടെ കോണ്‍ഗ്രസിനെ ട്രോളി തോല്‍പ്പിക്കുകയാണ് ബിജെപി. വോട്ടിങ് മെഷിനില്‍ ക്രമക്കേട് നടന്നെന്ന പേരില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസ് ബിജിപെ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ സജീവമായി.

SHARE