ജുഹു ബീച്ചില്‍ യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍; തിരിച്ചറിയല്‍ അടയാളമാകുന്നത് പിന്‍കഴുത്തിലെ മാലാഖയുടെ ടാറ്റു

മുംബൈ: രാജ്യത്തെ പ്രധാന ബീച്ചുകളിലൊന്നായ ജുഹു ബീച്ചില്‍ യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇരുപത് വയസ് തോന്നിക്കുന്ന യുവതിയുടെ ജഡമാണ് കണ്ടെടുത്തത്. വലിയ ബാഗ് കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ അറിയിച്ചു. ഇതുടര്‍ന്ന് പൊലീസ് എത്തി ബാഗ് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്.

പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിലും നിരവധി മുറിവുകള്‍ കാണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ പിന്‍കഴുത്തിന് താഴെ ഒരു ടാറ്റൂവും പതിപ്പിച്ചിട്ടുണ്ട്. ഒരു മാലാഖയോട് സാമ്യമുളള രൂപമാണ് ടാറ്റു പതിപ്പിച്ചിരിക്കുന്നത്. യുവതി കറുപ്പും പച്ചയും ചേര്‍ന്ന് നിശാവസ്ത്രവും കഴുത്തില്‍ മംഗള്‍സൂത്രയും ആണ് അണിഞ്ഞിരിക്കുന്നത്.

പ്രഥമദൃഷ്ട്യാ ഇത് കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൂപ്പര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. മൃതദേഹത്തിന് എത്ര ദിവസം പഴക്കമുണ്ടെന്ന് സ്ഥിതീകരിച്ചിട്ടില്ല, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് കാണാതായവരുടെ പട്ടികയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

SHARE