നരേന്ദ്ര മോദിക്കെതിരായ മോശം പരാമര്‍ശം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മോദിയെ നീചനെന്നു വിശേഷിപ്പിച്ച മണിശങ്കറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഇത് പിന്‍വലിച്ച് മണിശങ്കര്‍ മോദിയോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം, രാഹുലിന്റെ ശക്തമായ വിമര്‍ശനം മാനിച്ച് മണിശങ്കര്‍ അയ്യര്‍ മാപ്പു പറഞ്ഞിട്ടുണ്ട്. തണുപ്പന്‍ രീതിയിലാണ് മാപ്പുപറച്ചില്‍ നടത്തിയത്.”കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ എന്തിനാണ് മോദി മോശം വാക്കുകള്‍ ഉപയോഗിക്കുന്നത്. മോദി എല്ലാ ദിവസവും ഞങ്ങളുടെ നേതാക്കന്മാര്‍ക്കെതിരെ മോശം ഭാഷ പ്രയോഗിക്കും. ഞനൊരു സ്വതന്ത്രനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്, പാര്‍ട്ടിയിലും ഒരു ഭാരവാഹിത്വവുമില്ല, അതുകൊണ്ട് എനിക്ക് മോദിയുടെ ഭാഷയില്‍ തന്നെ അദ്ദേഹത്തിന് മറുപടി നല്‍കാനാവും”- മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

”മോദി താഴ്ന്ന ജാതിയില്‍ ജനിച്ചെന്ന് ഞാന്‍ ഉദ്ധേശിച്ചിട്ടില്ല. ഇംഗ്ലീഷ് സംസാരിക്കുന്നതു പോലെയാണ് ‘നീച്’ എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചത്, കാരണം ഹിന്ദി എന്റെ മാതൃഭാഷയല്ല. ഇതിന് മറ്റ് അര്‍ഥങ്ങളുണ്ടെങ്കില്‍ ഞാന്‍ മാപ്പു പറയുന്നു”- അദ്ദേഹം പറഞ്ഞു.

SHARE