ഐസിസി ടെസ്റ്റ് ലോക റാങ്കിങില്‍ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്ത്

ന്യൂഡല്‍ഹി: തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഐസിസി ടെസ്റ്റ് റാങ്കിങില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടാമതെത്തി. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ബാറ്റിങ് പ്രകടനമാണ് കോഹ്‌ലിയെ രണ്ടാം സ്ഥാനത്തെത്തിച്ചത്.രണ്ട് ഡബിള്‍ സെഞ്ച്വറികളടക്കം പരമ്പരയില്‍ 610 റണ്‍സാണ് അദ്ദേഹം അടിച്ച് കൂട്ടിയത്. മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹത്തിന് തന്നെയായിരുന്നു. പരമ്പര തുടങ്ങുന്നതിന് മുമ്പ് റാങ്കിങില്‍ കോഹ്‌ലി ആറാം സ്ഥാനത്തായിരുന്നു.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് മൂന്നാമതും ന്യൂസിലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.

പുതിയ റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക രണ്ടാമതും ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്. ബൗളര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ, ഇന്ത്യയുടെ രവീന്ദ്ര ജഡേജ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയുടെ തന്നെ ആര്‍.അശ്വിന്‍ നാലാം സ്ഥാനത്തുണ്ട്.ഓള്‍ റൗണ്ടര്‍മാരുടെ കാര്യത്തില്‍ ബംഗ്ലാദേശിന്റെ സാക്കിബ് അല്‍ ഹസന്‍, ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

SHARE