ഓഖി’യെ നേരിടാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല: അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സര്‍ക്കാരിന്റെ കടമയെന്ന് രമേശ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റിനെ നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ കനത്ത പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം നിരര്‍ത്ഥകമാണ്. ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സര്‍ക്കാര്‍ ഫയലില്‍ കെട്ടിവെച്ചെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതു മൂലമാണ് ഇത്രയേറെ ജീവനുകള്‍ നഷ്ടമായത്. അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സര്‍ക്കാരിന്റെ കടമ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നവംബര്‍ 29ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

തമിഴ്‌നാടിനും ലക്ഷദ്വീപിനും ഇതേ മുന്നറിയിപ്പാണ് ലഭിച്ചതെന്നും കന്യാകുമാരിയില്‍ രണ്ട് ബോട്ടുകള്‍ മാത്രമായിരുന്നു കടലില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തലേദിവസം തന്നെ കരുതല്‍ എന്ന നിലയില്‍ തമിഴ്‌നാട് തീരപ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. എന്നാല്‍, 30ന് ഉച്ചയ്ക്ക് മാത്രമാണ് ചുഴലിക്കാറ്റാണ് അടിച്ചതെന്ന് വ്യക്തമായുള്ളൂ എന്നും ചെന്നിത്തല പറഞ്ഞു.

മുന്നറിയിപ്പ് വായിച്ചിട്ട് മനസ്സിലാകാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ചുഴലിക്കാറ്റ് ഏറ്റവും അധികം നാശനഷ്ടമുണ്ടാക്കിയത് ലക്ഷദ്വീപില്‍ ആണെങ്കിലും അവിടെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

SHARE