ആദ്യ കാഴ്ച്ചയില്‍ തന്നെ പ്രണയം തോന്നിയിട്ടുണ്ടോ നിങ്ങള്‍ക്ക്? ഗവേഷകരുടെ പുതിയ പഠന റിപ്പോര്‍ട്ട് വായിക്കാം

‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’… എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് നാം.. ആദ്യക്കാഴ്ച്ചയില്‍ത്തന്നെ പ്രണയത്തില്‍ വീണു വിവാഹം കഴിച്ചവരാണെന്ന് പലരും പറയുന്നത് കണ്ടിട്ടുണ്ട. എന്നാല്‍ അതില്‍ വല്ല സത്യവും ഉണ്ടോ? ഒരു പെണ്‍കുട്ടിയോട്/ആണ്‍കുട്ടിയോട് ആദ്യകാഴ്ച്ചയില്‍ തന്നെ പ്രണയം തോന്നി എന്ന് അഭിമാനത്തോടെ പറയുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അറിഞ്ഞോളൂ, കാലങ്ങളായി തുടര്‍ന്നു പോരുന്ന ഈ പ്രഥമദര്‍ശനാനുരാഗം വെറും കളവാണെന്നാണ് പുറത്തുവരുന്ന പുതിയ പഠനറിപ്പോര്‍ട്ട്

‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നതിനെ കുറിച്ച് ഗവേഷകരുടെ കണ്ടെത്തല്‍ ഇങ്ങനെ…
‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നൊരു കാര്യമേ ഇല്ലെന്നും അങ്ങനെ തോന്നുന്നത് വെറും ശാരീരികാകര്‍ഷണം മാത്രമാണെന്നുമാണ് നെതര്‍ലന്‍ഡ്സിലെ ഗ്രോണിന്‍ജെന്‍ സര്‍വകലാശാലയുടെ ഗവേഷണഫലം പറയുന്നത്. ‘ലസ്റ്റ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നതാണ് ശരിയായ കാര്യം എന്നും പഠനറിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു. ശാരീരിക പ്രത്യേകതകളെ മാത്രം ഇഷ്ടപ്പെടുന്നതിനെ പ്രണയമായി കരുതാനാവില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
നാനൂറോളം വിദ്യാര്‍ഥികളെയാണ് ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവരെ പല സംഘങ്ങളായി തിരിച്ചു. ചിലരോട് ഓണ്‍ലൈനായി ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ മനസ്സിലാക്കി. നിലവിലെ പ്രണയിതാവിനെക്കുറിച്ചും ആദ്യസംഗമത്തെക്കുറിച്ചുമൊക്കെ ചോദ്യങ്ങളുണ്ടായിരുന്നു. ഇതുവരെ അവര്‍ കണ്ടിട്ടില്ലാത്തവരെ ഫോട്ടോയിലൂടെ പരിചയപ്പെടുത്തി അപ്പോള്‍ തോന്നിയ വികാരമെന്തായിരുന്നു എന്ന് രേഖപ്പെടുത്താനും ആവശ്യപ്പെട്ടു.
മറ്റ് ചിലരെ കമിതാവിനൊപ്പം ഒന്നരമണിക്കൂര്‍ ചെലവഴിക്കാന്‍ വിട്ടു. അവരെത്തന്നെ പരിചയമില്ലാത്ത പങ്കാളിക്കൊപ്പം 20 മിനിറ്റ് നേരം ചെലവഴിക്കാനും സൗകര്യമൊരുക്കി. രണ്ടവസരങ്ങളിലും മനസ്സിലും ശരീരത്തിലുമുണ്ടായ മാറ്റങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഇങ്ങനെ പലവിധത്തിലാണ് പഠനങ്ങള്‍ നടത്തി പ്രഥമദര്‍ശനാനുരാഗം ഇല്ലെന്ന് ഗവേഷകര്‍ വാദിക്കുന്നത്.
പഠനത്തില്‍ പങ്കെടുത്തവരില്‍ പുരുഷന്മാരാണ് ഏറിയ പങ്കും പ്രഥമദര്‍ശനാനുരാഗത്തില്‍ വിശ്വസിക്കുന്നതെന്ന് ഗവേഷണഫലം പറയുന്നു. പ്രണയത്തിലേക്ക് നയിക്കാന്‍ മാത്രം ശക്തിയുള്ള ശാരീരിക ആകര്‍ഷണം ചിലപ്പോഴൊക്കെ തോന്നിയേക്കാമെന്നും ഇതിനെ പ്രണയമായി തെറ്റിദ്ധരിക്കു്നനതാണെന്നും ഗവേഷകര്‍ പറയുന്നു.

SHARE