ആയിരം പുരുഷന്‍മാര്‍ക്ക് നടുവില്‍ ഒരു സ്ത്രീയെ നിര്‍ത്തി കാമാസക്തിയോടെ നോക്കുന്നത് തെറ്റാണ്: ക്ഷമാപണം നടത്തി കരണ്‍ ജോഹര്‍

സ്ത്രീകളെ വെറും ഉപഭോഗവസ്തുവായി കണ്ട് ചിത്രീകരിക്കുന്ന ഐറ്റം നമ്പറുകള്‍ക്കും വായ്നോട്ടങ്ങള്‍ക്കുമെതിരേ അഞ്ഞടിച്ച് ബോളിവുഡ് സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹര്‍. തന്റെ സിനിമകളിലെ ഇത്തരം രംഗങ്ങളെക്കൂടി വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഒരു സ്ത്രീയെ നടുക്ക് നിര്‍ത്തി ആയിരം പുരുഷന്‍മാര്‍ അവളെ കാമാസക്തിയോടെ നോക്കുന്നത് തെറ്റായ മാതൃകയാണ് സൃഷ്ടിക്കുന്നത്. ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ ഇത്തരം തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനി ഞാന്‍ ഒരിക്കലും ഇത് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷീ ദ പീപ്പിള്‍ ഡോട്ട് ടിവിയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സിനിമയിലുള്ള വായ്നോട്ടത്തെക്കുറിച്ച് സംസാരിക്കവെയാണ് സിനിമയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ പ്രവണതകളെ അദ്ദേഹം വിമര്‍ശിച്ചത്. പ്രണയാതുരനായി ഒരു പുരുഷന്‍, സ്ത്രീയെ പിന്തുടരുന്നതും വായ്നോട്ടം തന്നെയാണ്. സിനിമയില്‍ നിങ്ങള്‍ കാണിക്കുന്നത് ചിലപ്പോള്‍ ഒരു മാതൃകയായി മാറാറുണ്ട്. അതിനാല്‍ സംവിധായകര്‍ വളരെ ഉത്തരവാദിത്വത്തോടെയാണ് പെരുമാറേണ്ടത് ആവശ്യമാണ്. ചിലസമയങ്ങളില്‍ നിങ്ങള്‍ എഴുതുന്നതും ചിത്രീകരിക്കുന്നതും സമൂഹത്തെ വലിയരീതിയില്‍ ബാധിക്കുമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലൊന്നും ഐറ്റം സോങ്ങുകള്‍ ഇല്ല. എന്നാല്‍ പ്രേമാഭ്യര്‍ത്ഥനയെന്ന പേരില്‍ ആവശ്യത്തില്‍ അധികം വായ്നോട്ടങ്ങള്‍ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും

SHARE