തിയറ്ററിന് മുന്നില്‍ എന്റെയൊരു വലിയ കട്ടൗട്ട് കാണുകയെന്നതായിരുന്നു വലിയ സ്വപ്‌നം: നിവിന്‍ പോളി

വിജയ ചിത്രങ്ങളുടെ നീണ്ട നിരയുമായി മുന്നേറുന്ന നിവിന്‍പോളിയുടെ പുതിയ ചിത്രം റിച്ചിയുടെ പ്രചരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ മാധ്യമങ്ങള്‍ക്കുമുന്നില്‍ പഴയകാല സംഭവങ്ങള്‍ ഓര്‍ത്തെടുത്തു വിവരിച്ചു.
‘ആലുവയിലാണ് ഞാന്‍ വളര്‍ന്നത്. അവിടെ രണ്ട് തിയറ്ററുകളുണ്ടായിരുന്നു. മാതാ മാധുര്യം, സീനത്ത്. എന്റെ ബന്ധുക്കള്‍ ചാലക്കുടിയില്‍ ഉണ്ടായിരുന്നതിനാല്‍ അവിടെയും തിയറ്ററുകളില്‍ പോയി സിനിമ കാണുമായിരുന്നു. എന്റെ ആദ്യ സിനിമയ്ക്ക് ശേഷം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചവരെല്ലാം അതേ സിനിമയുടെ പോസ്റ്ററിന് മുന്നില്‍ പോയി ഫോട്ടോ എടുത്തിരുന്നു. എന്നാല്‍ ഒരു സിനിമയുടെ റിലീസ് സമയത്ത് തിയറ്ററിന് മുന്നില്‍ എന്റെയൊരു വലിയ കട്ടൗട്ട് കാണുകയെന്നതായിരുന്നു അന്നത്തെ വലിയ സ്വപ്നം. നേരം സിനിമയുടെ സമയത്ത് അത് സംഭവിച്ചു.’–നിവിന്‍ പറഞ്ഞു.
നിവിന്‍ പോളിയുടെ ചെറുപ്പത്തിലും താരത്തെ സ്വാധീനിച്ച പ്രണയസിനിമയാണ് ഫാസില്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍–ശാലിനി ജോഡികള്‍ അഭിനയിച്ച എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം അനിയത്തി പ്രാവ്.’ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനിയത്തിപ്രാവ് റിലീസ് ആകുന്നത്. തിയറ്ററില്‍ ഞാന്‍ പോയി കാണുന്ന ഏറ്റവും വലിയ പ്രണയചിത്രവും അനിയത്തിപ്രാവ് തന്നെ. അതിന് ശേഷം വീണ്ടും ചാക്കോച്ചന്റെ മറ്റൊരു ചിത്രമെത്തി നിറം. അതും വലിയ ഹിറ്റ് ആയിരുന്നു.–നിവിന്‍ പോളി പറഞ്ഞു.
റിച്ചിയിലേക്ക് എത്തിയതിനെ കുറിച്ച് നിവിന്‍ പോളി പറയുന്നതിങ്ങനെ.
‘തമിഴില്‍ നിരവധി തിരക്കഥകള്‍ വായിക്കുകയുണ്ടായി. എന്നാല്‍ ഒന്നും തന്നെ എന്നെ ആവേശംകൊള്ളിച്ചില്ല. എന്നാല്‍ ഉളിദവരു കണ്ടാന്റെ എന്ന സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. രക്ഷിത് ഷെട്ടി ചെയ്തത് അനുകരിക്കാനല്ല ശ്രമിച്ചത്. ഞാന്‍ എന്റേതായ രീതിയില്‍ അഭിനയിച്ചു. മാത്രമല്ല കന്നഡ ചിത്രത്തേക്കാള്‍ ഇതിന് വ്യത്യാസമുണ്ട്.
വ്യത്യസ്തങ്ങളായ സിനിമകളില്‍ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. തമിഴ് ഇന്‍ഡസ്ട്രി വലുതാണ്. വളരെ കളര്‍ഫുളും പുറത്തുനിന്നുവരുന്നവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരുമാണ് ഇവിടെ. സിനിമയാണ് ഇവരുടെ ജീവവായു. ചെന്നൈയില്‍ വന്നിറങ്ങുമ്പോള്‍ എനിക്ക് തന്നെ ഒരു പോസിറ്റീവ് എനര്‍ജി അനുഭവപ്പെടും.
റിച്ചിയുടെ ഡബ്ബിങ് ആയിരുന്നു കഠിനം. കൃത്യമായ ഉച്ചാരണം ആവശ്യമാണ്. സിനിമ ഷൂട്ട് ചെയ്യാന്‍ 28 ദിവസമേ എടുത്തൊള്ളു. എന്നാല്‍ ഡബ്ബിങിന് 55 ദിവസം വേണ്ടി വന്നു.’–നിവിന്‍ പറഞ്ഞു.

SHARE