സ്വന്തം ചരമ പരസ്യം പ്രസിദ്ധികരിച്ചശേഷം കാണാതായ തളിപ്പറമ്പ് സ്വദേശിയെ കോട്ടയത്തു കണ്ടെത്തി, ഒളിച്ചോട്ടത്തിനു പിന്നില്‍ കുടുംബപ്രശ്‌നങ്ങളെന്നു സൂചന

കോട്ടയം: സ്വന്തം ചരമ പരസ്യവും നിര്യാണവാര്‍ത്തയും പത്രങ്ങളില്‍ പ്രസിദ്ധികരിച്ചശേഷം അപ്രത്യക്ഷനായ തളിപ്പറമ്പ് സ്വദേശിയെ കോട്ടയത്തു കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപത്തുള്ള ഹോട്ടലില്‍നിന്നാണ് ഇദ്ദേഹത്തെ പോലീസ് കണ്ടെത്തുന്നത്.

നിര്യാണവാര്‍ത്ത പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചശേഷം അപ്രത്യക്ഷനായ ജോസഫ് മേലുകുന്നേല്‍ കഴിഞ്ഞ ദിവസം കോട്ടയത്തെ ബാങ്കിലെത്തിയതായി പോലീസിനു സൂചന ലഭിച്ചിരുന്നു. ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു ബാങ്കിലെത്തിയ ജോസഫ് അരമണിക്കൂറിലധികം അവിടെ ചെലവഴിച്ചു. പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സ്വന്തം ചരമ പരസ്യവും നിര്യാണവാര്‍ത്തയും ബാങ്ക് സെക്രട്ടറി ശിവജിയെ കാണിച്ച് തന്റെ ബന്ധുവാണെന്നും ചെവിക്കു പിന്നിലെ മുഴ തിരുവനന്തപുരത്ത് ആര്‍സിസിയില്‍ കാണിച്ചപ്പോള്‍ ട്യൂമറാണെന്നു കണ്ടെത്തിയെന്നും പറഞ്ഞു. അവിടെ ചികിത്സയില്‍ കഴിയവേ ഹൃദ്‌രോഗംമൂലം മരിച്ചെന്നു പറഞ്ഞ് ജോസഫ് പൊട്ടിക്കരയുകയും ചെയ്തതായി പറയുന്നു.

തുടര്‍ന്ന് ജോസഫിന്റെ മൃതദേഹത്തില്‍നിന്നു ലഭിച്ചതെന്നു പറഞ്ഞു സ്വര്‍ണമാലയും വന്‍തുകയും എടിഎം കാര്‍ഡുമടങ്ങിയ പൊതി സെക്രട്ടറിയെ ഏല്‍പ്പിച്ചശേഷം മരിച്ചയാളുടെ ഭാര്യ തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു.
താങ്കള്‍ക്കുതന്നെ നേരിട്ടു കൊടുത്തുകൂടേയെന്ന ചോദ്യത്തിനു പരസ്പരവിരുദ്ധമായി ജോസഫ് പ്രതികരിച്ചതോടെ സെക്രട്ടറിക്കു സംശയം തോന്നി. ഇതോടെ ജോസഫ് ഇപ്പോള്‍ വരാമെന്നു പറഞ്ഞ് ഉടന്‍ സ്ഥലംവിട്ടു.

തുടര്‍ന്നു പോലീസ് കോട്ടയത്തുള്ള എല്ലാ ഹോട്ടലുകളിലും ഇദ്ദേഹത്തിന്റെ ഫോട്ടോ കാണിച്ചു പരിശോധന നടത്തിയിരുന്നു. തിരുന്നക്കരയിലെ ലോഡ്ജില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ ഇന്നലെ രാവിലെമുതല്‍ ഒരാള്‍ താമസിക്കുന്നുണ്ടെന്ന സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജോസഫ് പിടിയിലായത്. കുടുംബ പ്രശ്‌നമാണ് ഇത്തരത്തില്‍ മാറിനില്‍ക്കാന്‍ കാരണമെന്ന് ജോസഫ് പറയുന്നത്.

SHARE