പിറണറായി പറഞ്ഞത് പച്ചക്കള്ളം; മുന്നറിയിപ്പു നല്‍കിയതിന് കൂടുതല്‍ തെളിവുകള്‍

ന്യൂഡല്‍ഹി: ഓഖി ചുഴിലക്കാറ്റിനെ കുറിച്ച് കേന്ദ്രം യഥാ സമയത്ത് അറിയിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളമാണോ..? വ്യക്തമായ നിര്‍ദേശങ്ങളും മുന്നറിയിപ്പും കേന്ദ്രം കൈമാറിയെന്നതിന് കൂടുതല്‍ വിശദീകരണങ്ങള്‍ ആണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കേരള തീരത്തു രൂക്ഷമായ കടല്‍ക്ഷോഭമുണ്ടാകുമെന്ന മുന്നറിയിപ്പു സന്ദേശങ്ങള്‍ 29നു നാലു തവണ സംസ്ഥാനസര്‍ക്കാരിനു നല്‍കിയതിനു പുറമെ തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഫോണിലും സംസ്ഥാന സര്‍ക്കാരില്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറി എം. രാജീവന്‍ അറിയിച്ചു.
തമിഴ്‌നാട്ടിലെയും തെക്കന്‍ കേരളത്തിലെയും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന ആദ്യ മുന്നറിയിപ്പ് 29നു രാവിലെ 11.50 നാണു നല്‍കിയത്. സാധാരണ കാലാവസ്ഥാ റിപ്പോര്‍ട്ടായല്ല, പ്രത്യേക ബുള്ളറ്റിനുകളായാണു മുന്നറിയിപ്പു സന്ദേശങ്ങള്‍ നല്‍കിയതെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാന്‍ ബാധ്യസ്ഥവുമായിരുന്നു. ന്യൂനമര്‍ദത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളടക്കമായിരുന്നു മുന്നറിയിപ്പുകള്‍. കേരള ചീഫ് സെക്രട്ടറിക്കും ലക്ഷദ്വീപ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഉള്‍പ്പെടെയാണു സന്ദേശം നല്‍കിയത്.
കേരള സര്‍ക്കാരിന് യഥാസമയം മുന്നറിയിപ്പു ലഭിച്ചിരുന്നില്ലെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള ബുള്ളറ്റിനുകള്‍ പരിശോധിച്ചിരുന്നു. തിരുവനന്തപുരത്തു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സുദേവന്‍, ഫോണില്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് അറിയിപ്പു നല്‍കിയിരുന്നതായും വ്യക്തമായി.
കന്യാകുമാരിക്കു 170 കിലോമീറ്റര്‍ തെക്കുകിഴക്കായി രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദം 12 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറും. തെക്കന്‍ തമിഴ്‌നാട്ടിലും തെക്കന്‍ കേരളത്തിലും അടുത്ത 24 മണിക്കൂര്‍ കനത്ത മഴ. അടുത്ത 24 മണിക്കൂറിനിടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 75 കിലോമീറ്ററായും തുടര്‍ന്നുള്ള 24 മണിക്കൂറിനകം വേഗം 90 കിലോമീറ്റായും വര്‍ധിക്കും. കടല്‍ അതീവ പ്രക്ഷുബ്ധമായിരിക്കും. ലക്ഷദ്വീപില്‍ മരങ്ങള്‍ കടപുഴകിയും വീടുകള്‍ തകര്‍ന്നും നാശത്തിനു സാധ്യത. കൃഷിനാശവുമുണ്ടാകും. നടപടി നിര്‍ദേശം: തെക്കന്‍ കേരളത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ കടലില്‍ ഇറങ്ങരുത് എന്നായിരുന്നു മുന്നറിയിപ്പ്.

SHARE