ഓഫറുകളുടെ പെരുമഴ… വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ പുതിയ ഓഫറുകളുമായ ജിയോ, ദിവസം മൂന്നു ജിബി ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ചു

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. വരിക്കാരെ പിടിച്ചു നിര്‍ത്താനായി ജിയോ പ്രഖ്യാപിച്ച ഓഫറാണ് വരിക്കാര്‍ക്കൊപ്പം സേവനദാതാക്കളെയും ഞെട്ടിച്ചിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ ഓഫറുകളെ മറികടക്കാന്‍ ലക്ഷ്യമിട്ട് ജിയോ ദിവസവും പുതിയ പ്ലാനുകളാണ് പരീക്ഷിക്കുന്നത്.

ദിവസം ഒരു ജിബി ഡേറ്റയ്ക്ക് പുറത്തു വേണ്ടവരെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്ലാനുകള്‍. ദിവസം രണ്ടു ജിബി ഡേറ്റ വേണ്ടവര്‍ക്കായി 509 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചു. 509 രൂപയ്ക്ക് ദിവസവും രണ്ടു ജിബി അതിവേഗ ഡേറ്റ ആസ്വദിക്കാം. പുറമെ അണ്‍ലിമിറ്റഡ് കോളുകളും എസ്എംഎസും ലഭ്യമാണ്. രണ്ടു ജിബി ഡേറ്റയ്ക്കു ശേഷം വേഗം 64 കെബിപിഎസിലേക്ക് മാറും. 49 ദിവസത്തേക്ക് 98 ജിബി ഡേറ്റ ഉപയോഗിക്കാം.

ദിവസം മൂന്നു ജിബി അതിവേഗ ഡേറ്റ വേണമെന്നുവര്‍ക്ക് 799 പ്ലാന്‍ റീചാര്‍ജ് ചെയ്യാം. എന്നാല്‍ ഇതിന്റെ കാലാവധി 28 ദിവസമാണ്. 28 ദിവസത്തേക്ക് 84 ജിബി ഡേറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ് സേവനങ്ങളും ആസ്വദിക്കാം.

നേരത്തെ, 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്താല്‍ 2,599 രൂപ തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫര്‍ ജിയോ അവതരിപ്പിച്ചിരുന്നു. 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.

SHARE