തുടര്‍ച്ചയായ ഇരട്ടസെഞ്ചുറികള്‍ക്കു പിന്നില്‍ ഒരു ഇന്ത്യന്‍ താരം… ഡബിള്‍ സെഞ്ചുറികള്‍ക്കു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞ് കോഹ്ലി

ന്യൂഡല്‍ഹി: തുടര്‍ച്ചയായി സെഞ്ചുറികള്‍ നോടുന്നതില്‍ തനിക്ക് പ്രചോദനമാകുന്നത് ചേതേശ്വര്‍ പുജാരയുടെ പ്രകടനമാണെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ തുടര്‍ച്ചയായ ഇരട്ട സെഞ്ചുറികളുടെ പശ്ചാത്തലത്തിലാണ് കോഹ്ലിയുടെ പ്രതികരണം.

പുജാര ഏറെ നേരം ക്രീസില്‍ ക്ഷമയോടെ തുടരുന്നത് ഒരു പാഠമായി മാറിയിട്ടുണ്ട്. വിസ്മയപ്പെടുത്തുന്നതാണ് പുജാരയുടെ പ്രകടനം. സെഞ്ചുറികള്‍ നേടണമെന്ന നിശ്ചയദാര്‍ഢ്യം ഉണ്ടാവുന്നത് പുജാരയുടെ പ്രകടനവും ക്രീസില്‍ ഏറെ നേരം ക്ഷമയോടെ പിടിച്ചു നില്‍ക്കുന്ന രീതിയും കണ്ടുകൊണ്ടാണ്. ഞങ്ങള്‍ എല്ലാവരും പുജാരയുടെ ക്രീസിലുളള ആത്മസമര്‍പ്പണവും ശ്രദ്ധയും കണ്ട് പഠിച്ചിട്ടുണ്ട്. ടീമിന് വേണ്ടി കഴിയുന്നത്ര നേരം പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന്റെ പ്രകടനം പ്രചോദനമായിട്ടുണ്ട്. ഇപ്പോള്‍ ടീമിന് വേണ്ടി കഴിയുന്നത്രയും കളിക്കുക എന്നതാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കാറുളളത്. അപ്പോഴാണ് യാതൊരു ക്ഷീണവും കൂടാതെ ടീമിനായി ബാറ്റ് ചെയ്യാന്‍ കഴിയുക- കോഹ്ലി പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ തന്റെ കരിയറിലെ ആറാം ഇരട്ട സെഞ്ചുറിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സ്വന്തമാക്കിയത്. നാഗ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നാം ടെസ്റ്റിലും കോഹ്ലിയുടെ ഇരട്ട സെഞ്ചുറി നേട്ടം.

SHARE