ഗോളടിച്ചെങ്കിലും വീണ്ടും ബ്ലാസ്‌റ്റേഴിസിന് സമനില തന്നെ; മൂന്നാം മത്സരത്തില്‍ മുംബൈയോട് 1-1 സമനില; വിനീതിന് ചുവപ്പ് കാര്‍ഡ്

കൊച്ചി: ഒരു ഗോളെങ്കിലും അടിക്കണമെന്ന ആരാധകരുടെ ആഗ്രഹം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നിറവേറ്റി. പക്ഷേ… ഗുണമൊന്നും ഉണ്ടായില്ല. മറുപടി ഗോളും വാങ്ങിക്കൂട്ടി നിരാശയിലേക്ക് മുക്കിയ മത്സരായി കൊച്ചിയിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം മത്സരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലക്കുരുക്ക് വിട്ടൊഴിയുന്നില്ല. തുടര്‍ച്ചയായ മൂന്നാം സമനിലയില്‍ നിന്ന് വെറും മൂന്ന് പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. ഏഴാം സ്ഥാനത്താണ് അവരിപ്പോള്‍. ഫോം കണ്ടെത്തി ആക്രമണത്തിന് ചുക്കാന്‍പിടിച്ച സി.കെ. വിനീത് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയത് കേരളത്തിന് ഇരട്ട പ്രഹരമായി. എണ്‍പത്തിയൊന്‍പതാം മിനിറ്റിലാണ് രണ്ടാം മഞ്ഞ ചുവപ്പായി വിനീത് മടങ്ങി ബ്ലാസ്‌റ്റേഴ്‌സ് പത്തു പേരായി ചുരുങ്ങിയത്.
പതിനാലാം മിനിറ്റില്‍ മാര്‍ക്ക് സിഫ്‌നിയോസിന്റെ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയതെങ്കില്‍ എഴുപത്തിയേഴാം മിനിറ്റില്‍ ബല്‍വന്ത് സിങ്ങാണ് മുംബൈയെ ഒപ്പമെത്തിച്ചത്. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടുന്നതും ഗോള്‍ വഴങ്ങുന്നതും. പകുതിസമയത്ത് ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. പക്ഷേ അധികം താമസിയാതെ ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ മുംബൈയുടെ തിരിച്ചടി വന്നു.

SHARE