സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു, ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട ഉറ്റവരെ തേടി മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക്, തീരുമാനം അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ മത്സ്യത്തൊഴിലാളികള്‍ സ്വന്തം വള്ളങ്ങളില്‍ കടലിലേക്ക് പോയിത്തുടങ്ങി. തിരുവനന്തപുരം പൂന്തുറയില്‍നിന്നും നാല്‍പതും വിഴിഞ്ഞത്തുനിന്നു പതിനഞ്ചും വള്ളങ്ങളിലായി നൂറിലേറെ മല്‍സ്യത്തൊഴിലാളികള്‍ കടലിലേക്ക് പുറപ്പെട്ടു. നേവിയും കോസ്റ്റ് ഗാര്‍ഡും നടത്തിവരുന്ന തിരച്ചില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണു മല്‍സ്യതൊഴിലാളികള്‍ നേരിട്ടിറങ്ങിയത്.

ഭക്ഷണം, വെള്ളം എന്നിവയ്ക്കുപുറമെ വയര്‍ലെസ് സംവിധാനവും എല്ലാ വള്ളങ്ങളിലും ഒരുക്കിയിട്ടുണ്ട്. കഴിയുന്നത്ര ദൂരംവരെ സഞ്ചരിച്ച് രക്ഷാപ്രവര്‍ത്തനം തടത്താനാണു തീരുമാനം. നാലു മല്‍സ്യത്തൊഴിലാളികളെ നാവികസേന രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. ഒരാളുടെ മൃതദേഹവും ലഭിച്ചു. മൃതദേഹം കണ്ടെത്തിയത് മല്‍സ്യത്തൊഴിലാളികളാണ്. ഇന്നു മാത്രം രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ആകെ മരണം 15 ആയി. കോസ്റ്റ് ഗാര്‍ഡും നാവികസേനയും വ്യോമസേനയും ചേര്‍ന്നാണ് കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലുകള്‍ നടത്തുന്നത്.

അതിനിടെ, ഓഖി ചുഴലിക്കാറ്റ് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് ഗുജറാത്ത് തീരത്തേക്ക് തിരിഞ്ഞു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ ഇടയുണ്ട്. കേരളത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അതേസമയം ലക്ഷദ്വീപില്‍ ജനജീവിതം സാധാരണനിലയിലേക്ക് എത്തിത്തുടങ്ങി. വൈദ്യുതിബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. കനത്ത കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

SHARE