ഗ്രൂപ്പ് അഡ്മിന് വില വീണ്ടും കൂടുന്നു; ഇനി ആരൊക്കെ പോസ്റ്റ് ചെയ്യണമെന്നും അഡ്മിന് തീരുമാനിക്കാം… വാട്ട്‌സ്ആപ്പിന്റെ പുതിയ സവിശേഷതകള്‍…

സാന്‍ഫ്രാന്‍സിസ്‌കോ: കാര്യങ്ങളെല്ലാം ഇപ്പോള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. ഇതുവരെ ഗ്രൂപ്പ് അഡ്മിനു നമ്മള്‍ പുല്ലുവില കൊടുത്തത് ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. പല കാര്യങ്ങളിലും ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരം വന്നു. ഇപ്പോഴിതാ… ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും മറ്റ് അംഗങ്ങളെ ഇനി ഗ്രൂപ്പ് അഡിമിനിസ്‌ട്രേറ്റര്‍ മാര്‍ക്ക് വിലക്കാന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ 2.17.430 പതിപ്പിലെ ബീറ്റാ ടെസ്റ്റിലാണ് ‘ റെസ്ട്രിക്റ്റഡ് ഗ്രൂപ്‌സ്’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്.
റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്‌സ് സെറ്റിങ് ആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കുക ഗ്രൂപ്പ് അഡ്മിന്‍ മാര്‍ക്ക് മാത്രമാണ്. ഗ്രൂപ്പുകള്‍ വഴി ഒരു ‘വണ്‍ വേ’ ആശയവിനിമയം സാധ്യമാക്കുന്ന പുതിയ ഫീച്ചര്‍ ആണിത്. അതായത് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിന്ന് വിലക്കിയാലും ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ആ ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഇടുന്നത് തുടരാന്‍ സാധിക്കും. എന്നാല്‍ അംഗങ്ങള്‍ക്ക് ആ സന്ദേശങ്ങള്‍ കാണാന്‍ മാത്രമേ സാധിക്കുകയുള്ളൂ
സൗഹൃദ കൂട്ടായ്മകളായി പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാനും ഇടപഴകാനും സാധിക്കുന്നുണ്ട്. എന്നാല്‍ ഗൗരവതരമായ വാര്‍ത്തകളും വിവരങ്ങളും കൈമാറുന്നത് ചില സമയത്ത് സുഖകരമാവില്ല. ഗ്രൂപ്പ് അംഗങ്ങളുടെ അനാവശ്യ സംഭാഷണങ്ങള്‍ ഒഴിവാക്കി പകരം ഗ്രൂപ്പ് അംഗങ്ങള്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് കൈമാറാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും.
കൂടാതെ വരുന്ന അപ്‌ഡേറ്റുകളില്‍ കൂടുതല്‍ പുതിയ ഫീച്ചറുകളും പ്രശ്‌ന പരിഹാരങ്ങളും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ചില അസ്വാരസ്യങ്ങള്‍ ഇതിലൂടെ ഒഴിവാക്കാന്‍ പറ്റുമെന്നാണ് കരുതുന്നത്…!
Source: pathramonline.com

SHARE