വീണ്ടും ഡബിള്‍ സെഞ്ചുറി, ചരിത്രം കുറിച്ച് വിരാട് കോഹ്ലി, നായകസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇരട്ടസെഞ്ചുറി, ബ്രാഡ്മാനുപോലും വഴങ്ങാത്ത നേട്ടത്തിലേക്ക് ഇന്ത്യന്‍ നായകന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് വീണ്ടും ഡബിള്‍ സെഞ്ചുറി. ശ്രീലങ്കയ്ക്കെതിരായ ഡല്‍ഹി ടെസ്റ്റിലാണ് കോഹ്ലി തുടര്‍ച്ചയായി രണ്ടാം വട്ടവും ഡബിള്‍ സെഞ്ചുറി തികച്ചത്. പരമ്പരയില്‍ കോഹ്ലി നേടുന്ന രണ്ടാം ഇരട്ട സെഞ്ചുറിയാണിത്. നായകസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇരട്ടസെഞ്ചുറിയെന്ന നേട്ടവും ഇതിനിടെ കോഹ്ലി സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് മുന്‍ നായകന്‍ ബ്രയാന്‍ ലാറയെയാണ് കോഹ്ലി മറികടന്നത്.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കോഹ്ലി 238 പന്തില്‍നിന്നാണ് ഡബിള്‍ നേട്ടത്തിലെത്തിയത്. ടെസ്റ്റില്‍ കോഹ്ലി നേടുന്ന ആറാം ഇരട്ട സെഞ്ചുറിയുമാണിത്. സിക്സറിന്റെ അകമ്പടിയില്ലാതെ 20 ഫോറുകള്‍ അടങ്ങിയതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. കോഹ്‌ലിക്കിനി 300 നേടാനാവുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

കോഹ്ലിയുടെ മികവില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ്. 109 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 458 റണ്‍സെടുത്തിട്ടുണ്ട്. കോഹ്ലിക്കൊപ്പം 41 റണ്‍സുമായി രോഹിത് ശര്‍മയാണ് ക്രീസിലുള്ളത്. 23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാന്റെയും ചേതേശ്വര്‍ പൂജാരയുടെയും 155 നേടിയ മുരളി വിജയുടെയും ഒരു റണ്‍സെടുത്ത അജിങ്ക്യ രഹാനയുടെയും വിക്കറ്റുകളാണ് ശനിയാഴ്ച ഇന്ത്യക്കു നഷ്ടപ്പെട്ടത്.

നാലിന് 371 എന്ന നിലയില്‍ രണ്ടാം ദിനം കളിതുടര്‍ന്ന ഇന്ത്യക്ക് ഇതുവരെ വിക്കറ്റൊന്നും നഷ്ടമായില്ല. സെഞ്ചുറി നേടിയ കോഹ്ലി ടെസ്റ്റില്‍ 5000 റണ്‍സ് നേട്ടവും പിന്നിട്ടിരുന്നു. അതിവേഗം അയ്യായിരം റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനമാണ് കോഹ്ലിക്ക്.

SHARE