കേരളത്തില്‍നിന്നു കടലില്‍ പോയ ബോട്ടുകള്‍ എത്തിയത് മുംബൈയില്‍, തൊഴിലാളികള്‍ സുരക്ഷിതര്‍, കടലില്‍നിന്ന് കണ്ടെത്തിയത് 450 പേരെ

മുംബൈ: ബേപ്പൂരില്‍ നിന്നുള്ള 66 ബോട്ട് ഉള്‍പ്പടെ 68 ബോട്ടുകളെ മഹാരാഷ്ട്ര സര്‍ക്കാര്‍ രക്ഷപ്പെടുത്തി. 952 ആള്‍ക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 2 ബോട്ടുകള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതാണ്. ദേവഗഡ് തുറമുഖത്ത് ഇവരെ സുരക്ഷിതരായി എത്തിച്ചിട്ടുണ്ട്. ബോട്ടുകളിലെ തൊഴിലാളികള്‍ സുരക്ഷിതരെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററില്‍ വ്യക്തമാക്കി.

ദേവ്ഗഢ്, മാല്‍വണ്‍ തുറമുഖങ്ങളിലായാണ് ബോട്ടുകള്‍ എത്തിയത്. രത്നഗിരി ജില്ലയില്‍നിന്ന് നൂറു കിലോമീറ്ററോളം അകലെയാണ് ഇരു തുറമുഖങ്ങളും. തിരുവനന്തപുരം വിഴിഞ്ഞം, പൂവാര്‍, തുമ്പ മേഖലകളില്‍നിന്നും കര്‍ണാടകയിലെ മാല്‍പയില്‍നിന്നുമുള്ള ബോട്ടുകളെയും അതിലെ 120-ഓളം തൊഴിലാളികളെയും ഗോവ, മഹാരാഷ്ട്ര തീരത്തായി കണ്ടെത്തി.

അതേസമയം, ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരണം പതിനാലായി. അഞ്ച് മല്‍സ്യ തൊഴിലാളികളുടെ മൃതദേഹം ശനിയാഴ്ച കണ്ടെടുത്തു. ഇനിയും 126 പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണു സര്‍ക്കാര്‍ കണക്ക്. അതിനിടെയാണ് ഇത്രയധികം പേരെ കരയ്ക്ക് എത്തിക്കാനായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 27 പേരെയാണ് ശനിയാഴ്ച കേരളത്തില്‍ രക്ഷപ്പെടുത്തിയത്. മരണസംഖ്യ ഉയര്‍ന്നതോടെ ആശങ്കയിലാണ് കടലോരം.

കടലില്‍ കുടുങ്ങിയ 37 പേരെ ശനിയാഴ്ച രക്ഷപ്പെടുത്തി. ഇന്നു മാത്രം മരിച്ചവരുടെ എണ്ണം ഏഴായി. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തിലും വെള്ളക്കെട്ടില്‍ വീണവരും ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 13 ആയി. കടലില്‍ കാണാതായവരില്‍ 450 പേരെ ഇതുവരെ കണ്ടെത്തിയതായാണ് കണക്ക്. 126 പേരെ കണ്ടെത്താനുണ്ടെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

SHARE