ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, വേഗത മണിക്കൂറില്‍ 180 കിലോമീറ്റര്‍, ചുഴലിക്കാറ്റ് തുടര്‍ന്നാല്‍ ലക്ഷദ്വീപ് പൂര്‍ണമായി ഒറ്റപ്പെടുമെന്നു മുന്നറിയിപ്പ്

മുംബൈ: കേരളത്തെ കശക്കിയെറിഞ്ഞ ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് ഓഖിയുടെ സഞ്ചാരമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മിനിക്കോയി ദ്വീപിന് മുകളില്‍ നിന്നും കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാറ്റിന്റെ വേഗത 180 വരെ ആകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയോടെ ഓഖിയുടെ ശക്തി കുറയ്ക്കുമെന്നാണ് വിവരം.

ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപ് ഒറ്റപ്പെട്ടിരിക്കുകയാണ്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദ്വീപുകളുടെ കിഴക്കന്‍ തീരത്താണു നാശം കൂടുതല്‍. പുലിമുട്ടു തകര്‍ന്നതോടെ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ദ്വീപില്‍ അടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചുഴലിക്കാറ്റ് മിനിക്കോയ് ദ്വീപില്‍നിന്നു വടക്കുകിഴക്ക് 80 കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 110 120 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്നുണ്ടെന്നു തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിയും കടല്‍ക്ഷോഭവും ഇന്നും തുടര്‍ന്നാല്‍ കല്‍പേനി, മിനിക്കോയ് ദ്വീപുകള്‍ പൂര്‍ണമായി ഒറ്റപ്പെടും. ഇന്നലെ പകല്‍ നാലുമണിയോടെ കാറ്റ് അല്‍പം ശമിച്ചെങ്കിലും കടല്‍ക്ഷോഭം തുടരുകയാണ്. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് ഉച്ചവരെ വീണ്ടും കാറ്റിനു സാധ്യതയുണ്ട്. 30 വര്‍ഷത്തിനിടെ ചുഴലി ഇത്രയും നാശം ദ്വീപിനുണ്ടാക്കിയിട്ടില്ലെന്നു നിവാസികള്‍ പറഞ്ഞു.

കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഓഖിയുടെ പ്രഹരത്തില്‍ മൊത്തം 15 പേരാണ് കേരളത്തില്‍ മരണപ്പെട്ടത്. ഇതില്‍ 8 പേരും മരണപ്പെട്ടത് ഇന്നലെയാണ്. കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്തെത്തിയതായും എല്ലാവരും സുരക്ഷിതരാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

SHARE