ഓഖി ചുഴലിക്കാറ്റ് ദേശിയ ദുരന്തമായി പ്രഖ്യാപിക്കണം: പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.കടല്‍ക്ഷോഭത്തിനിരയായി ജീവന്‍ നഷ്ടമായ ക്രിസ്റ്റി, സേവ്യര്‍ ലൂയിസി എന്നിവരുടെ പൂന്തുറയിലെ വസതി ചെന്നിത്തല രാവിലെ സന്ദര്‍ശിച്ചിരുന്നു.

കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാന്‍ കഴിയാത്തതിനാല്‍ പൂന്തുറയും ചെല്ലാനാവും കൊല്ലവും ഉള്‍പ്പെടെയുള്ള തീരദേശം വളരെ ആശങ്കയിലാണ്. കടലിനോട് മല്ലടിച്ചു കഴിയുന്ന ജീവനുകളെ കണ്ടെത്തി തിരികെ കരയില്‍ എത്തിക്കാനുള്ള നടപടി കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനം അവതാളത്തിലാണ്. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലാകളക്ടര്‍മാര്‍ കൃത്യമായി കോ ഓര്‍ഡിനേറ്റ് ചെയ്യുന്നില്ല എന്ന പരാതി വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

ആലപ്പുഴ കാട്ടൂര്‍, നല്ലാളിക്കല്‍, മലബാറിലെ കോഴിക്കോട് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ രൂക്ഷമായ കടലാക്രമണം നടക്കുകയാണ്. കടല്‍ ക്ഷോഭം ചെറുക്കുന്നതിനായി കടല്‍ഭിത്തി ഉള്‍പ്പെടെയുള്ള പരിഹാരം അനിവാര്യമാണ്.ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഇതിനെല്ലാം തുക ചെലവഴിക്കണം.
ഗുരുതരമായി പരുക്കേറ്റവരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഞാന്‍ രാവിലെ അവരെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 15, 000രൂപ അപര്യാപ്തമാണ്. ഈ തുക കുറഞ്ഞത് അന്‍പതിനായിരമായി വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൂന്തുറയില്‍ കണ്‍ട്രോള്‍ റൂം തുറക്കണമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവരോട് ഇന്നലെ ആവശ്യപ്പെട്ടതാണെന്നും സൗകര്യമൊരുക്കി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ട് ഉദ്യോഗസ്ഥര്‍ അവിടെ എത്തി എന്നല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

SHARE