അന്തസ് വേണമെടാ അന്തസ്… ജീവന്‍ കൈയിലെടുത്തുനില്‍ക്കുന്ന തീരദേശവാസികളോട് കോമഡിയടിച്ച് മുകേഷ് എംഎല്‍എ, ഭരണിപ്പാട്ടുമായി കടപ്പുറം നിവാസികള്‍

കൊല്ലം: ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് തീരദേശജനത. രാഷ്ട്രീയ നേതാക്കള്‍പോലും ജനങ്ങളുടെ സഹായത്തിനായി ഒന്നും ചെയ്യുന്നില്ലെന്നതാണു വസ്തുത. ഇതിനെതിരേ പലയിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി റോഡിലിറങ്ങുക പോലുമുണ്ടായി.

കൊല്ലത്തെ ദുരിതബാധിത മേഖലകളിലേക്കു നടനും എംഎല്‍എയുമായ മുകേഷ് കടന്നു ചെന്നപ്പോഴുണ്ടായ ജനങ്ങളുടെ പ്രതികരണമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അന്തസ് വേണമെടാ അന്തസ്, ഒന്നുമില്ലെങ്കിലും എന്റെ പ്രായമെങ്കിലും നോക്കണ്ടേടാ എന്ന മുകേഷിന്റ ഹിറ്റ് ഡയലോഗ് മലയാളികള്‍ ആരും മറന്നിട്ടില്ല. എന്നാല്‍ എന്താണ് യഥാര്‍ഥ അന്തസ് എന്ന് കൊല്ലം എം.എല്‍.എയായ നടനെ പഠിപ്പിച്ചു കൊടുത്തിരിക്കെയാണ് കൊല്ലത്തെ മല്‍സ്യ തൊഴിലാളികള്‍.

ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതക്കയത്തില്‍ ആയപ്പോള്‍ ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്നതാണ് മുകേഷിനെതിരെ ജനവികാരം ഉയരാന്‍ ഇടയാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് മുകേഷ് തീരദേശത്തേക്ക് വന്നത്. വൈകിട്ട് മന്ദം മന്ദം ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വന്ന മുകേഷ് ലേല ഹാളിലെ കസേരയില്‍ ഇരുന്നു.

എം.എല്‍.എ സ്ഥലത്ത് എത്താത്തിന്റെ രോക്ഷം മല്‍സ്യതൊഴിലാളികള്‍ക്കിടയില്‍ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്. എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? മല്‍സ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു. ഉടനേ വന്നു മുകേഷിന്റെ കോമഡി. ‘നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ’ തമാശയാണ് പറഞ്ഞതെങ്കിലും ഇതോടെ മല്‍സ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു. പിന്നെ അവിടെ കേട്ട വാക്കുകളൊന്നും പ്രസിദ്ധീകരണ യോഗ്യമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

SHARE