കലിപ്പ് തീരാതെ ഓഖി… താണ്ഡവം അവസാനിക്കുന്നില്ല, ലക്ഷദ്വീപിനെ ഇളക്കിമറിക്കുമെന്നു റിപ്പോര്‍ട്ട്, കല്‍പ്പേനിയിലെ ഹെലിപ്പാഡ് വെള്ളത്തിനടിയില്‍

കവരത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതിതീവ്രശക്തി കൈവരിച്ച ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍വരെ വേഗത്തിലാവും ലക്ഷദ്വീപില്‍ വീശുക എന്നാണ് മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ സേന രാവിലെ ലക്ഷദ്വീപിലെത്തും. കനത്ത മഴയെ തുടര്‍ന്ന് കല്‍പ്പേനിയിലെ ഹെലിപ്പാഡ് വെള്ളത്തിനടിയിലായി.

കല്‍പ്പേനിയിലും മിനിക്കോയിയിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിനിക്കോയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്‍പ്പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കവരത്തിയുടെ വടക്കാന്‍ പ്രദേശത്ത് കടല്‍ കയറി. ദുരിതമേഖലയിലെ ജനങ്ങളെ സ്‌കൂളുകളിലേക്കു മാറ്റി. ചുഴലിക്കാറ്റ് ‘അതിതീവ്ര’ വിഭാഗത്തിലേക്കു മാറിയെന്നാണ് റിപ്പോര്‍ട്ട്

കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. ലക്ഷദ്വീപില്‍ ശനിയാഴ്ച 190 കി.മീ. വേഗത്തില്‍ വരെ കാറ്റിനു സാധ്യതയുണ്ട്. കല്‍പേനിയില്‍ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാന്‍ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയില്‍ തകര്‍ന്നു.

145 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗം പൊടുന്നനെ കൈവരിച്ചേക്കും. ഇതിലും ശക്തികൂടാനും സാധ്യതയുണ്ട്. വേഗം 221 കിലോമീറ്റര്‍ കടന്നാല്‍ സൂപ്പര്‍ ചുഴലിക്കാറ്റ് എന്നാണ് അറിയപ്പെടുക. 2007-ല്‍ ഒമാനില്‍ വീശിയ ‘ഗോനു’ ആണ് ഒടുവിലത്തെ സൂപ്പര്‍ ചുഴലിക്കാറ്റ്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച വൈകുന്നേരം 5.30-ന് പുറത്തിറക്കിയ ബുള്ളറ്റിന്‍പ്രകാരം ഓഖി ചുഴലിക്കാറ്റ് മിനിക്കോയി ദ്വീപിന് 90 കിലോമീറ്റര്‍ വടക്കാണ്.

SHARE