വരുന്നു, യൂറോപ്യന്‍ സാങ്കേതിക വിദ്യ; തിരക്കിനനുസരിച്ച് സിഗ്‌നലുകള്‍ ക്രമീകരിക്കും; ചുവപ്പു സിഗ്നലില്‍ കിടക്കാതെയും യാത്രചെയ്യാം; സംസ്ഥാനത്തെ എല്ലാ റോഡുകളിലും പുതിയ ട്രാഫിക് സംവിധാനം

കൊച്ചി: ഇനി പഴയ സമ്പ്രദായമല്ല, ട്രാഫിക് സംവിധാനത്തില്‍ വരുന്നത് അടിമുടി മാറ്റം. സംസ്ഥാനത്തെ ഗതാഗത സംവിധാനം യൂറോപ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏകോപിപ്പിക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. ഒരു ട്രാഫിക് സിഗ്‌നലില്‍നിന്ന് നിശ്ചിത വേഗത്തില്‍ മുന്നോട്ടുനീങ്ങുന്ന വാഹനങ്ങള്‍ക്ക് അടുത്ത സിഗ്‌നലില്‍ ചുവപ്പ് ലൈറ്റിനു മുന്നില്‍ കുരുങ്ങേണ്ടി വരില്ല. റോഡിലെ തിരക്കിനനുസരിച്ച് സിഗ്‌നലുകള്‍ ഒറ്റയടിക്ക് ക്രമീകരിക്കാനാകും.
ഇപ്പോള്‍ ഗതാഗത നിയന്ത്രണം, പാര്‍ക്കിങ്, നിയമ ലംഘനങ്ങള്‍ എന്നിവ മോട്ടോര്‍വാഹന വകുപ്പ്, പോലീസ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിങ്ങനെ പല ഏജന്‍സികളുടെ ചുമതലയിലാണ്. ഇത് ഒരു കുടക്കീഴിലാക്കാനാണ് പദ്ധതി. ആറു മാസത്തിനകം പദ്ധതി രൂപരേഖ ഉള്‍പ്പെടെ തയ്യാറാകും.
ഗതാഗത നിയന്ത്രണത്തിനുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. അമിത വേഗം, അനധികൃതമായി പാത മുറിച്ചുകടക്കല്‍, ചുവപ്പ് ലൈറ്റ് മറികടക്കല്‍, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റുമില്ലാതെ വണ്ടിയോടിക്കല്‍, മദ്യപിച്ച് വണ്ടിയോടിക്കല്‍ എന്നിവയെല്ലാം ഫലപ്രദമായി തടയാന്‍ പുതിയ സംവിധാനം വഴി കഴിയുമെന്നാണ് വിലയിരുത്തല്‍.
റോഡിലെ സുരക്ഷയും അച്ചടക്കവും കൂട്ടാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. ദേശീയപാത, സംസ്ഥാനപാത, ജില്ലാ റോഡുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ കീഴില്‍ വരും.
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പല ഏജന്‍സികള്‍ പിഴയീടാക്കുന്നതു മൂലം പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കുന്നതില്‍ താമസം വരുന്നു. പുതിയ സംവിധാനം വഴി ഇതിനെല്ലാം മാറ്റം വരും. പിഴ ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിലേക്ക് മാറും. എല്ലാ പിഴകള്‍ക്കും ഏകീകൃത ചെലാന്‍ കൊണ്ടുവരും. യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃകയില്‍ ഗതാഗത സംവിധാനം സാങ്കേതികവത്കരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരവകുപ്പ് അധികൃതര്‍ പറഞ്ഞു.

SHARE