മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു, വിടവാങ്ങിയത് കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രിമാരില്‍ ഒരാള്‍

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍ (89) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടര്‍ന്നിരുന്നത്.

കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രിമാരില്‍ പ്രമുഖനാണ് ചന്ദ്രശേഖരന്‍. പൊതുവിപണിയില്‍ ഇടപെടാന്‍ മാവേലി സ്റ്റോര്‍ ആരംഭിച്ചതിന്റെ പേരില്‍ കേരളത്തിന്റെ മാവേലി മന്ത്രിയായി വാഴ്ത്തപ്പെടുന്നു. ഓണച്ചന്തകളുടെ തുടക്കവും അദ്ദേഹത്തിന്റെ കാലത്താണ്. മികച്ച സഹകാരി. അഴിമതി ആരോപണങ്ങളുടെയും വിവാദങ്ങളുടെയും നിഴല്‍ വീഴാത്ത ആദരണീയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

1957ല്‍ ആദ്യനിയമസഭയില്‍ തന്നെ അംഗമായ ചന്ദ്രശേഖരന്‍ നായര്‍ ആകെ ആറു തവണ നിയമസഭാംഗമായി (57, 67, 77, 80, 87, 96). മൂന്നുതവണ മന്ത്രി സ്ഥാനം വഹിച്ചു. സിപിഐയുടെ ദേശീയ നിര്‍വാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയര്‍മാന്‍ എന്നീ നിലകളിലും ജനയുഗം മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

SHARE