പ്രണയദിനത്തില്‍ കാമുകിയെ കൊലെപ്പടുത്തിയ ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി, വിധി സര്‍ക്കാര്‍ അപ്പീലിനെ തുടര്‍ന്ന്

ജോഹന്നാസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ പാരാലിമ്പിക്സ് താരം ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി. ദക്ഷിണാഫ്രിക്കന്‍ അപ്പീല്‍ കോടതിയാണ് പിസ്റ്റോറിസിന്റെ ശിക്ഷ വര്‍ധിപ്പിച്ചത്. മുമ്പ വിധിച്ച ആറു വര്‍ഷത്തെ തടവുശിക്ഷ 13 വര്‍ഷവും അഞ്ചു മാസവുമായാണ് ദക്ഷിണാഫ്രിക്കന്‍ കോടതി കൂട്ടിയത്. 2012ലെ ലണ്ടന്‍ ഒളിന്പിക്‌സില്‍ അത്‌ലറ്റിക്‌സ് പൊതുവിഭാഗത്തില്‍ മത്സരിച്ച ആദ്യ പാരാലിന്പ്യന്‍ താരമാണ് പിസ്റ്റോറിയസ്.

കൊലപാതകക്കേസില്‍ 15 വര്‍ഷം തടവ് ശിക്ഷ വിധിക്കാറുണ്ടെങ്കിലും അംഗപരിമിതിയും വിചാരണയിലുണ്ടായ കാലതാമസവും പരിഗണിച്ച് 6 വര്‍ഷത്തെ ശിക്ഷയാണ് പിസ്റ്റോറിയസിനു കോടതി വിധിച്ചത്. എന്നാല്‍ പിസ്റ്റോറിയസിനോടുള്ള കോടതിയുടെ മൃദുസമീപനം ഞെട്ടിക്കുന്നതാണെന്ന് കാട്ടി സര്‍ക്കാര്‍ കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അപ്പീല്‍ പരിഗണിച്ച കോടതി ശിക്ഷ ഉയര്‍ത്തിയത്. വിധികേള്‍ക്കാന്‍ പിസ്റ്റോറിയസ് കോടതിയിലെത്തിയില്ല.

2013ലെ പ്രണയദിനത്തില്‍ ദിനത്തില്‍ പിസ്‌റോറിയസിനു സമ്മാനവുമായാണ് റീവ എത്തിയത്. വീട്ടിലെ കുളിമുറിയില്‍ ഒളിച്ചിരുന്ന റീവയെ പിസ്റ്റോറിയസ് വെടിവയ്ക്കുകയായിരുന്നു. അടച്ചിട്ട കുളിമുറിക്കു പുറത്തുനിന്ന് നാലു തവണയാണ് പിസ്റ്റോറിയസ് വെടിവച്ചത്. കൊലപാതകം പിസ്റ്റോറിയസ് സമ്മതിച്ചുവെങ്കിലും, മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ചാണെന്നും വെടിവച്ചു കൊല്ലാന്‍ ഒരു കാരണവുമില്ലെന്നും ആരോ മുറിയില്‍ കയറിയെന്നു തെറ്റിദ്ധരിച്ച്, ജീവഭയത്താല്‍ വെടിവച്ചുവെന്നുമായിരുന്നു പിസ്റ്റോറിയസ് മൊഴി നല്‍കിയിരുന്നത്.

SHARE