കൊടി സുനി ജയിലില്‍നിന്നു വിളിച്ചത് അഞ്ഞൂറിലേറെ കോളുകള്‍, കോള്‍ ലിസ്റ്റില്‍ കണ്ണൂരിലെ സിപിഎം നേതാക്കളും, കാക്ക രഞ്ജിത്തിനെ 244 തവണ വിളിച്ചു

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ യഥേഷ്ടം ഉപയോഗിച്ചിരുന്നതായി രേഖകള്‍. കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ അഞ്ഞൂറിലേറെ ഫോണ്‍കോളുകള്‍ ചെയ്തെന്ന് പോലീസ് കണ്ടെത്തിയാതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിരുന്ന് കവര്‍ച്ച ആസൂത്രണംചെയ്ത് നടപ്പാക്കിയെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതാണ് കേസ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണ്‍ വഴി കൊടി സുനിയാണ് ഈ കവര്‍ച്ച ആസൂത്രണം ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ കാക്ക രഞ്ജിത്തിനെ 244 തവണ വിളിച്ചിട്ടുണ്ട്. കവര്‍ച്ചമുതല്‍ വാങ്ങിയ കൊല്ലത്തെ സ്വകാര്യ പണമിടപാടുകാരന്‍ രാജേഷ് ഖന്നയെ ഇരുന്നൂറിലധികം തവണ വിളിച്ചു. കൊടിസുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ ഏതാനും ആഴ്ചകളിലെ വിവരങ്ങള്‍ ശേഖരിച്ചതില്‍നിന്നാണ് ഇത്രയധികം ഫോണ്‍ കോളുകള്‍ ഉണ്ടായത് കണ്ടെത്തിയത്.

മൊബൈല്‍ കമ്പനികളില്‍നിന്ന് ശേഖരിച്ച ഫോണ്‍ കോള്‍ രേഖകള്‍, ടവര്‍ ലൊക്കേഷന്‍ രേഖകള്‍, സെല്‍ ഐ.ഡി. രേഖകള്‍ എന്നിവ കേസ് പരിഗണിക്കുന്ന കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (അഞ്ച്) മുമ്പാകെ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. കാക്ക രഞ്ജിത്തിനെയും രാജേഷ് ഖന്നയെയും വിളിക്കാന്‍ ഉപയോഗിച്ച അതേ നമ്പറില്‍നിന്ന് സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ രണ്ടു നേതാക്കളെയും തലശ്ശേരി, ചൊക്ലി ഭാഗത്തെ ചിലരേയും വിളിച്ചിട്ടുണ്ട്.

2016 ജൂലായ് 16ന് രാവിലെ ആറോടെ ദേശീയപാതയില്‍ നല്ലളം മോഡേണ്‍ സ്റ്റോപ്പിന് സമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ച നടത്താനും സ്വര്‍ണം മറിച്ചുവില്‍ക്കാനും സുനി ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആസൂത്രണം ചെയ്‌തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിരവധി പിടിച്ചുപറി, മോഷണ കേസുകളില്‍ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത്, കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേര്‍ന്നാണ് കൊടി സുനി പദ്ധതി നടപ്പാക്കിയത്.

ടി.പി വധക്കേസിലെ മൂന്നാം പ്രതിയാണ് കൊടി സുനി. ജയിലിനുള്ളില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുപുറമേ പല കുപ്രസിദ്ധ ക്രിമിനലുകളുമായും ഉന്നത രാഷ്ട്രീയനേതാക്കളുമായും ഇയാള്‍ സ്ഥിരം ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

SHARE