ചെക്ക് വഴിയുള്ള പണമിടപാടുകള്‍ നിരോധിക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി അരുണ്‍ ജയ്റ്റ്‌ലി, ചെക്കുകള്‍ വ്യവസായമേഖലയുടെ നട്ടെല്ലന്നു വിശദീകരണം

ന്യൂഡല്‍ഹി: ചെക്ക് വഴിയുള്ള പണമിടപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ചെക്കുബുക്കുകള്‍ നിരോധിക്കുന്നതിനായുള്ള ഒരു നിര്‍ദേശവും സര്‍ക്കാരിനു മുന്നില്‍വന്നിട്ടില്ലെന്ന് ധനമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. ചെക്കുകള്‍ വ്യാപാര വ്യവസായ മേഖലയുടെ നട്ടെല്ലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ രാജ്യമൊട്ടാകെ ചെക്ക് ബുക്കുകളും നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നോട്ടുഅസാധുവാക്കലിനെ തുടര്‍ന്ന് ചെക്കുബുക്കുകള്‍ വഴിയുളള സാമ്പത്തിക ഇടപാടുകള്‍ പലമടങ്ങ് വര്‍ധിച്ചു. ഇത് കറന്‍സിരഹിത സമ്പദ് വ്യവസ്ഥ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് വിഘാതം സൃഷ്ടിക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ . ഇത് കണക്കിലെടുത്താണ് ചെക്കുബുക്കുകളും ഒരു സുപ്രഭാതത്തില്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് വ്യാപാര വാണിജ്യരംഗങ്ങളെ സാരമായി ബാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. നിലവില്‍ രാജ്യത്തെ വ്യാപാര വാണിജ്യ രംഗങ്ങള്‍ മുഖ്യമായി ആശ്രയിക്കുന്നത് നോട്ടിനെയും ചെക്കിനെയുമാണ്. 95 ശതമാനം ഇടപാടുകളും ഈ നിലയിലാണ് നടക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നോട്ടുകളുടെ അച്ചടിക്ക് കേന്ദ്രസര്‍ക്കാര്‍ വര്‍ഷാവര്‍ഷം 25000 കോടി രൂപയാണ് ചെലവഴിക്കുന്നത്. 6000 കോടി രൂപ ഈ നോട്ടുകളുടെ സുരക്ഷ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്കും ചെലവഴിക്കുന്നു. കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്ക് പൂര്‍ണമായി നീങ്ങിയാല്‍ ഈ തുക സര്‍ക്കാരിന് ലാഭിക്കാനും ആകും. ഈ തുക ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗത്തിന് ബാങ്കുകള്‍ക്ക് വരുന്ന ചെലവ് സബ്സിഡിയായി നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതിലുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പോലുളള ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

SHARE