വിസ്മയിപ്പിക്കാന്‍ വിനായകനും ചെമ്പനും… അങ്കമാലി ഡയറീസിന് ശേഷമുള്ള ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ.മ.യൗ ടീസര്‍ പുറത്ത്

കൊച്ചി: മലയാള സിനിമയില്‍ തന്റെ സിനിമകളിലൂടെ വ്യക്തമായ സാന്നിധ്യം അറിയിച്ച സംവിധായകന്‍ ആണ് ലിജോ ജോസ് പെല്ലിശ്ശേരി. ആദ്യ ചിത്രമായ നായകന്‍ മുതല്‍ അവസാന ചിത്രമായ അങ്കമാലി ഡയറീസില്‍ വരെ നമ്മുക്ക് ഈ ലിജോ ജോസ് എഫക്റ്റ് കാണുവാന്‍ സാധിക്കും. അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ ടീസര്‍ പുറത്തിറങ്ങി. നടന്‍ ജയസൂര്യയയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ.

ഇത്തവണ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ പ്രതീക്ഷ വെക്കുവാന്‍ മറ്റൊരു കാരണം ചിത്രത്തിന്റെ കാസ്റ്റിംഗ് തന്നെയാണ്. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. വെറും 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീര്‍ത്തത്.

ഈ.മ.യൗ ഒരുങ്ങുന്നത് ഈ ഒരു വലിയ സവിശേഷതയില്‍ നിന്നാണ്. കടല്‍ തീരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഈ മൂന്ന് താരങ്ങള്‍ക്കും തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തു കൊണ്ടുവരാന്‍ സാധിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയത് എന്നാണ് കിട്ടുന്ന വിവരങ്ങള്‍. തീരപ്രദേശം പ്രമേയമാക്കിയാണ് സിനിമ. കൊച്ചി, ചെല്ലാനം, കണ്ണമാലി എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ചിത്രീകരണം.

ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം. ഡിസംബര്‍ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

SHARE