ജയിലിനെ അധോലോകമാക്കി ടിപി കേസ് പ്രതി കൊടി സുനി, ജയിലിരുന്ന് കവര്‍ച്ച ആസൂത്രണംചെയ്ത് നടപ്പാക്കി, ഇടപാടുകള്‍ മൊബൈല്‍ ഫോണ്‍ വഴി

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിരുന്ന് കവര്‍ച്ച ആസൂത്രണംചെയ്ത് നടപ്പാക്കി. മാാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതാണ് കേസ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണ്‍ വഴി കൊടി സുനിയാണ് ഈ കവര്‍ച്ച ആസൂത്രണം ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ കേസില്‍ സുനിയെ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിന് അനുമതി നല്‍കി.

ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സും പൊലീസും സമാന്തരമായി അന്വേഷണം നടത്തുന്ന കേസിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. 2016 ജൂലായ് 16ന് രാവിലെ ആറോടെ ദേശീയപാതയില്‍ നല്ലളം മോഡേണ്‍ സ്റ്റോപ്പിന് സമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ച നടത്താനും സ്വര്‍ണം മറിച്ചുവില്‍ക്കാനും സുനി ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആസൂത്രണം ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

നിരവധി പിടിച്ചുപറി, മോഷണ കേസുകളില്‍ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത്, കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേര്‍ന്നാണ് കൊടി സുനി പദ്ധതി നടപ്പാക്കിയത്.

ടി.പി വധക്കേസിലെ മൂന്നാം പ്രതിയാണ് കൊടി സുനി. ജയിലിനുള്ളില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുപുറമേ പല കുപ്രസിദ്ധ ക്രിമിനലുകളുമായും ഉന്നത രാഷ്ട്രീയനേതാക്കളുമായും ഇയാള്‍ സ്ഥിരം ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

SHARE