ഇന്ത്യയില്‍ കാലുകുത്തിയാല്‍ ടെന്നീസ് സുന്ദരി അഴിയെണ്ണും, മരിയ ഷറപ്പോവയ്‌ക്കെതിരേ ഡല്‍ഹിയില്‍ കേസ്, ചുമത്തിയിട്ടുള്ളത് ക്രിമിനല്‍ കുറ്റങ്ങള്‍

ന്യൂഡല്‍ഹി: ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് ഷറപ്പോവ ഭാഗമായ കമ്പനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന കേസുകള്‍ ചുമത്തി ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്.

നിക്ഷേപകരില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റിയ ഹോംസ്റ്റഡ് എന്ന നിര്‍മാണ കമ്പനിയുടെ ഭാഗമെന്ന നിലക്കാണ് ഷറപ്പോവക്കെതിരായി കേസെടുത്തതെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു. ഗുഡ്ഗാവില്‍ ഫ്‌ലാറ്റ് കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് പലരില്‍ നിന്നായി ഹോംസ്റ്റഡ് എന്ന കമ്പനി നിക്ഷേപം സ്വീകരിച്ചത്. മരിയ ഷറപ്പോവ സാക്ഷ്യപ്പെടുത്തിയ കരാര്‍ പത്രം പ്രകാരമാണ് ഇവര്‍ ഹോംസ്റ്റഡിന് പണം നല്‍കിയത്. 2016 ല്‍ പൂര്‍ത്തിയാകുമെന്ന് പറഞ്ഞ പദ്ധതി പൂര്‍ത്തിയാകാതെ വന്നതോടെ നിക്ഷേപകര്‍ ഒന്നടങ്കം കോടതിയെ സമീപിക്കുകയായിരുന്നു.

അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി 2012ല്‍ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ ഇന്ത്യയിലെത്തിയിരുന്നു. അന്ന് പ്രൊജക്ടിനെ പിന്തുണച്ചു സംസാരിച്ചാണ് അവര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. ഷറപ്പോവയുടെ സാന്നിദ്ധ്യം കൊണ്ട് മാത്രമാണ് ഇത്രയധികം പേര്‍ പദ്ധതിയില്‍ പണം നിക്ഷേപിക്കാന്‍ കാരണമെന്നാണ് വാദിഭാഗത്തിന്റെ ആരോപണം.

ഡല്‍ഹിക്ക് തൊട്ടടുത്ത് ഗുഡ്ഗാവിലാണ് ആഡംബര അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് നിര്‍മിക്കാനുദ്ദേശിച്ചിരുന്നത്. 2016 ഓടെ പണി പൂര്‍ത്തിയാവുമെന്നാണ് അന്ന് കമ്പനി പറഞ്ഞിരുന്നത്.

SHARE