നോട്ട് മാത്രമല്ല ചെക്കും നിേരാധിക്കും, കാഷ്‌ലെസ് ഇക്കണോമിയാക്കാന്‍ പുതിയ അടവുമായി കേന്ദ്രസര്‍ക്കാര്‍, ഇടപാടുകാര്‍ വീണ്ടും പാടുപെടും

ന്യൂഡല്‍ഹി: കറന്‍സി അസാധുവാക്കലിന്റെ തുടര്‍ച്ചയായി ചെക്ക് ബുക്കും നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. പണരഹിത സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ന്യായവാദം ഉന്നയിച്ചായിരിക്കും ചെക്കുകള്‍ക്കു മീതെയും പിടി മുറുക്കുക. വൈകാതെ തന്നെ സര്‍ക്കാര്‍ ചെക്കു ബുക്കുകള്‍ പിന്‍വലിക്കാനുള്ള എല്ലാ സാധ്യതകളുണ്ടെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖന്‍ഡേവാള്‍ പറഞ്ഞത്.

പുതിയ നോട്ടുകളുടെ അച്ചടിക്കായി സര്‍ക്കാര്‍ 25,000 കോടി രൂപയും സുരക്ഷാ സംവിധാനങ്ങള്‍ക്കായി 6,000 കോടി രൂപയും ചെലവാക്കി. ബാങ്ക് ചാര്‍ജുകളും വര്‍ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാര മേഖലയില്‍ 95 ശതമാനവും വിനിമയം ചെക്ക് ഇടപാടുകളിലൂടെയാണ് നടക്കുന്നത്. നോട്ടു നിരോധനത്തിനു ശേഷവും ചെക്ക് ഇടപാടുകളില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപിക്കുന്നതിനായി സര്‍ക്കാര്‍ അടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോകുന്നത് ചെക്കുകള്‍ക്കു മേല്‍ ആണെന്ന് ഉറപ്പിക്കാമെന്നാണ് ഖന്‍ഡേവാള്‍ വ്യക്തമാക്കിയത്.

ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനവും ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് രണ്ടു ശതമാനവും സര്‍വീസ് ചാര്‍ജായി ഈടാക്കുന്നുണ്ട്. കാര്‍ഡ് ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് ഒഴിവാക്കാന്‍ ബാങ്കുകള്‍ക്കു സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ഇതിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കാമെന്നാണു കണക്കുകൂട്ടല്‍.

SHARE