വ്യാജരേഖ ചമച്ച് വാഹന രജിസ്‌ട്രേഷന്‍ ; അമല പോളിനും ഫഹദ് ഫാസിലിനും നടന്‍ സുരേഷ് ഗോപിക്കുമെതിരെ നടപടി എടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപൂരം: നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ച് വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും നടന്‍ സുരേഷ് ഗോപിക്കുമെതിരെ നടപടി എടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. പുതുച്ചേരിയില്‍ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ക്രമക്കേടു സംബന്ധിച്ചു മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ടും വിഡിയോ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു കൈമാറി.
കേരളത്തില്‍ നിന്നു വാങ്ങി വ്യാജ വിലാസത്തിലും രേഖകള്‍ ചമച്ചും പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത 35 കാറുകളുടെ മുഴുവന്‍ രേഖകളും മോട്ടോര്‍ വാഹന വകുപ്പു ശേഖരിച്ചു. വെട്ടിച്ച നികുതിയും പിഴയും അടയ്ക്കാനും വാഹനം കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യാനും ഇവര്‍ക്കെല്ലാം നോട്ടിസ് അയച്ചു. അതു ചെയ്യുന്നവരെ തുടര്‍ നടപടിയില്‍ നിന്ന് ഒഴിവാക്കും. അല്ലെങ്കില്‍ കേസുകള്‍ ക്രൈംബ്രാഞ്ചിനു കൈമാറും. വാഹനം കേരളത്തില്‍ ഓടുന്നതു കണ്ടാല്‍ പിടിച്ചെടുക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പുതുച്ചേരി റജിസ്ട്രേഷനുള്ള എല്ലാ വാഹനങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്തുകയാണ് കേരളാ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ്. നികുതി വെട്ടിച്ചത് ഏഴായിരത്തിലേറെ കാറുടമകളെന്നാണ് കണ്ടെത്തല്‍. പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ വില്‍പന നടത്തിയ ഏഴായിരത്തിലേറെ കാറുകള്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്നാണു നിഗമനം. ഇത്തരം വെട്ടിപ്പു നടത്തുന്നവരെല്ലാം ഉന്നതരായതിനാലാണു നടപടിക്കു സര്‍ക്കാര്‍ മടിക്കുന്നത്. അതേസമയം പുതുച്ചേരി സര്‍ക്കാരിനു സാമ്പത്തിക നേട്ടമാണ്. അതിനാല്‍ മോട്ടോര്‍ വാഹന വകുപ്പും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ട രേഖകള്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. ഈയിടെ തയാറാക്കിയ കണക്കു പ്രകാരം കേരളത്തിലെ 1700 കാറുകള്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചിട്ടുണ്ട്.

അതേസമയം ഇടനിലക്കാരും കുടുംങ്ങും. ആഡംബര കാറുകളുടെ വില്‍പന ഉറപ്പാക്കാന്‍ പുതുച്ചേരി റജിസ്‌ട്രേഷനു പ്രേരിപ്പിക്കുന്നത് കാര്‍ ഡീലര്‍മാരുടെ ഷോറൂമിലെ ജീവനക്കാരാണെന്നു കണ്ടെത്തയിരിക്കുന്നത്. ഒരു കോടി രൂപ വിലയുള്ള കാര്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യാന്‍ 20 ലക്ഷം രൂപ നികുതി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒരു ലക്ഷം മതി. ഡീലര്‍മാരുടെ ജീവനക്കാരാണു പുതുച്ചേരിയിലെ ഇടനിലക്കാരെ ബന്ധപ്പെടുത്തിക്കൊടുക്കുന്നത്. ഇടനിലക്കാര്‍ രേഖകള്‍ തരപ്പെടുത്തും. നേരത്തേ 25,000 രൂപയായിരുന്നു കമ്മിഷന്‍. ഏജന്റുമാരുടെ എണ്ണം കൂടിയതോടെ 10,000 രൂപ നല്‍കിയാല്‍ മതി.

SHARE