ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടവെ അമ്മയെയും കുഞ്ഞിനെയുമടക്കം കാര്‍ കെട്ടിവലിച്ചു, മുംബൈ പോലീസിന്റെ ക്രൂരതയുടെ വീഡിയോ വൈറല്‍

മുംബൈ: ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ, ഗതാഗതം നിയമം ലംഘിച്ചെന്ന് ആരോപിച്ച് യുവതിയെ അടക്കം പോലീസ് കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയി. മുംബൈയിലെ മലാഡ് ട്രാഫിക് പോലീസന്റേതാണ് ഈ നടപടി. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ മുംബൈ പൊലീസിന്റെ നടപടി വിവാദമായി.

വഴിവക്കില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ പിന്‍സീറ്റിലിരുന്ന് ഏഴുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു യുവതി. ഇതിനിടെ നോ പാര്‍ക്കിംഗ് പ്രദേശമാണെന്നു ചൂണ്ടിക്കാട്ടി എത്തിയ മുംബൈ ട്രാഫിക് പോലീസ് കാര്‍ കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്നു. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ പൊലീസ് ശ്രമിക്കുമ്പോള്‍, കുഞ്ഞിനു സുഖമില്ലെന്ന് യുവതി വിളിച്ചുപറയുന്നത് വിഡിയോയില്‍ വ്യക്തമാണ്. എന്നാല്‍, ഇതു ഗൗനിക്കാതെ പൊലീസുകാരന്റെ നേതൃത്വത്തില്‍ വാഹനം നീക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.

വിഡിയോ പകര്‍ത്തുന്ന വഴിയാത്രക്കാരന്‍ ഉള്‍പ്പെടെയുള്ളവരും വാഹനം കെട്ടിവലിക്കുന്നത് നിര്‍ത്താന്‍ പൊലീസിനോട് ആവശ്യപ്പെടുന്നത് വിഡിയോയിലുണ്ട്. എന്നാല്‍, ഇവര്‍ക്കും ചെവികൊടുക്കാന്‍ പൊലീസ് തയാറാകുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുന്ന വഴിയാണെന്നും സ്ത്രീ പറയുന്നുണ്ട്.

തന്റെ വാഹനം പാര്‍ക്ക് ചെയ്തിരുന്ന അതേനിരയില്‍ മറ്റു രണ്ടു കാറുകള്‍ കൂടി പാര്‍ക്ക് ചെയ്തിരുന്നെങ്കിലും ആ കാറുകള്‍ക്കെതിരേ പോലീസ് നടപടിയെടുത്തില്ലെന്നു യുവതി ആരോപിക്കുന്നു. സംഭവത്തില്‍ മുംബൈ ജോയിന്റ് കമ്മിഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് നടപടി തൃപ്തികരമല്ലെന്ന് കമ്മിഷണര്‍ പറഞ്ഞു.

SHARE