സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തി, റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചതിനു പിന്നാലെ ആഭ്യന്തര ഉദ്യോഗസ്ഥര്‍ ജസ്റ്റിസ് ശിവരാജനെ സന്ദര്‍ശിച്ചു: ആരോപണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയതായി സഭയില്‍ പ്രതിപക്ഷം. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജസ്റ്റിസ് ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.മുഖ്യമന്ത്രിയുടേയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ജയരാജന്റെയും ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തയ്യാറുണ്ടോ?അവധാനതയില്ലാതെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തത്.

മുഖ്യമന്ത്രി സഭയെ നോക്കുകുത്തിയാക്കി. അന്വേഷണറിപ്പോര്‍ട്ടും സ്വീകരിച്ച നടപടിയും സഭയില്‍ സമര്‍പ്പിക്കും മുന്‍പ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തി വിവരങ്ങള്‍ പുറത്തുവിട്ടത് ചട്ടലംഘനമാണ്.

വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആരോപണങ്ങളെ നേരിടാനുള്ള ശക്തി യു.ഡി.എഫിനുണ്ട്. 50 വര്‍ഷമായി നിയമസഭാംഗമായ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

SHARE