കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം, ശരീരം വെളിയില്‍ കാണിക്കുന്ന സ്ത്രീകള്‍ ബലാത്സംഗം അര്‍ഹിക്കുന്നു; വിവാദ പരാമര്‍ശവുമായി അഭിഭാഷകന്‍

കെയ്‌റോ: റിപ്പ്ഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ പുരുഷന്‍ ബലാത്സംഗം ചെയ്യണമെന്നും അങ്ങിനെ ചെയ്യേണ്ടത് പൗരന്റെ രാജ്യത്തോടുള്ള കടമയാണെന്നും അഭിഭാഷകന്‍. ഈജിപ്തിലെ പ്രമുഖ നിയമവിദഗ്ദ്ധനായ നബി അല്‍ വാഹ്ഷയാണ് അല്‍ അസീമ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയത്. കാമാസക്തിയിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ച.

ശരീരത്തിന്റെ ഏതെങ്കിലും ഭാഗം വെളിയില്‍ കാണുന്ന പക്ഷം അത് പീഡിപ്പിക്കാനുള്ള ക്ഷണമാണെന്നും ഉടന്‍ തന്നെ പ്രതികരിച്ചുകൊള്ളാനുമായിരുന്നു ആഹ്വാനം. ശരീരം വെളിയില്‍ കാണിക്കുന്ന സ്ത്രീകള്‍ ബലാത്സംഗം അര്‍ഹിക്കുന്നുവെന്നും സ്വയം ബഹുമാനമെന്തെന്ന് അവരെ പഠിപ്പിക്കാന്‍ അത് അനിവാര്യമാണെന്നും നബി കൂട്ടിച്ചേര്‍ത്തു.

താഴേക്കുള്ള ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ജീന്‍സ് ധരിച്ചു പോകുന്ന സ്ത്രീകളെ കണ്ടാല്‍ നിങ്ങള്‍ക്ക് സന്തോഷമാകുമോ എന്നായിരുന്നു വനിതാ പാനലിസ്റ്റുകള്‍ കൂടി നിരന്ന ചര്‍ച്ചയില്‍ പ്രകോപിതനായി അഭിഭാഷകന്‍ ചോദിച്ചത്. അഭിഭാഷകന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരണമാണ് ഇപ്പോള്‍ നിറയുന്നത്.

ഇതിനുമുന്‍പും നബി അല്‍ വാഹ്ഷ വിവാദ നായകനായിട്ടുണ്ട്. ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമില്ലായെന്ന് പറഞ്ഞ ഓസ്‌ട്രേലിയന്‍ ഇമാമിനെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇയാള്‍ ആക്രമിച്ചിരുന്നു. ചെരുപ്പൂരി എറിഞ്ഞും സ്റ്റുഡിയോ ഫ്‌ളോറില്‍ ഓടിച്ചുമാണ് നബി അന്ന് ഇമാമിനെ നേരിട്ടത്.

SHARE