ആ സമയത്ത് ഞാന്‍ ആത്മഹത്യയെകുറിച്ച് ചിന്തിച്ചു… താരപ്രഭയില്‍ തിളങ്ങിനില്‍ക്കെ ജീവിതത്തിലെ ഇരുണ്ടകാലത്തെ കുറിച്ച് നടി ഇല്ല്യാന

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന നായികയാണ് ഇല്യാന ഡിക്രൂസ്. മെലിഞ്ഞ സുന്ദരിയായി അറിയപ്പെടുന്ന ഇല്യാന ബോളിവുഡില്‍ നിന്നുമാണ് തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുവെച്ചതും വിജയിച്ചതും. അഭിനയിച്ച ഭാഷയിലൊക്കെ ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ അവര്‍ തന്റെ ജീവിതത്തിലെ ഇരുണ്ട കാലത്തെകുറിച്ച് വെളിപ്പെടുത്തി.

എന്നാല്‍, സ്വന്തം ശരീരത്തെ ഓര്‍ത്ത് വിഷമിച്ച് ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചൊരു കാലമുണ്ടായിരുന്നു ഈ താരത്തിന്. ഇല്ല്യാന തന്നെയാണ് തന്റെ ജീവിതത്തിലെ ഈ ഇരുണ്ടകാലം തുറന്നുപറഞ്ഞത്. ശരീരത്തെ വൈരൂപ്യം പിടികൂടുന്ന ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന അവസ്ഥയുമായി മല്ലിട്ട കഥകളാണ് ഇല്ല്യാന പങ്കിട്ടത്.

ഒരിടയ്ക്ക് ഞാന്‍ സ്വയം ജീവന്‍ അവസാനിപ്പിച്ചാലോ എന്നുവരെ ചിന്തിച്ചിരുന്നു. എന്നാല്‍ സ്വയം അംഗീകരിച്ചതോടെ എല്ലാം മാറി. വിഷാദ രോഗത്തിനെതിരെയുള്ള എന്റെ ആദ്യ ചുവടുവെപ്പായിരുന്നു ആ അംഗീകരിക്കല്‍- ഇലിയാന കൂട്ടിച്ചേര്‍ക്കുന്നു. താരങ്ങളായ തങ്ങളെ എല്ലാവരും സുന്ദരികളെന്ന് പറയുമ്പോള്‍ രണ്ട് മണിക്കൂറോളം ഒരുങ്ങിയിട്ടാണ് തയ്യാറാകുന്നതെന്ന് ഓര്‍ക്കണമെന്നും ഇലിയാന പറഞ്ഞു.

സ്വയം ഇഷ്ടപ്പെടണമെന്നും ഉള്ളില്‍ നിന്നും സന്തുഷ്ടരാണെങ്കില്‍ പിന്നെ നിങ്ങളുടെ ചിരിയേക്കാള്‍ സുന്ദരമായ മറ്റൊന്നുമില്ലെന്നും താരം അഭിപ്രായപ്പെട്ടു. അജയ് ദേവ്ഗണിനൊപ്പമുള്ള ബാദ്ഷാഹോ, റെയ്ഡ് എന്നിവയാണ് ഇല്ല്യാനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

SHARE