പ്രശസ്ത താരങ്ങള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാര്‍ക്ക് എന്താകും അവസ്ഥ : വിമാനയാത്രയ്ക്കിടെ നേരിട്ടു മോശം അനുഭവം തുറന്നുപറഞ്ഞ്‌ പി വി സിന്ധു

മുംബൈ : വിമാനയാത്രയ്ക്കിടെ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് ഒളിംപ്യന്‍ പി വി സിന്ധു. നവംബര്‍ നാലിന് മുംബൈയിലേക്ക് പോകുമ്പോഴാണ് മോശം അനുഭവം ഉണ്ടായതെന്ന് സിന്ധു ട്വിറ്ററില്‍ കുറിച്ചു. ഇന്‍ഡിഗോയുടെ 6 ഇ 608 വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. ഗ്രൗണ്ട് സ്റ്റാഫ് അജിതേഷ് വളരെ മോശമായും പരുഷമായും പെരുമാറുകയായിരുന്നുവെന്ന് സിന്ധു ട്വിറ്ററില്‍ കുറിച്ചു.
അജിതേഷിന്റെ മോശം പെരുമാറ്റം തടയാന്‍ എയര്‍ഹോസ്റ്റസായ അഷ്മിത ശ്രമിച്ചു. യാത്രക്കാരോട് മര്യാദയ്ക്ക് പെരുമാറണമെന്ന് ഉപദേശിച്ച എയര്‍ഹോസ്റ്റസിനോടും ഇയാള്‍ പരുഷമായി പെരുമാറിയെന്ന് സിന്ധു വ്യക്തമാക്കി. ഇത്തരത്തിലുള്ള ജോലിക്കാര്‍ ഇന്‍ഡിഗോ പോലുള്ള വിമാനക്കമ്പനികളുടെ പേരും പ്രശസ്തിയും നശിപ്പിക്കാന്‍ ഇടയാക്കുമെന്നും സിന്ധു അഭിപ്രായപ്പെട്ടു.

സംഭവത്തില്‍ സിന്ധുവിന് പിന്തുണയുമായി നിരവധി പേരാണെത്തുന്നത്. പ്രശസ്ത താരങ്ങള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാര്‍ക്ക് എന്താകും അവസ്ഥയെന്ന് ചോദ്യങ്ങള്‍ ഉയരുന്നു. നേരത്തെ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും ഹര്‍ഭജന്‍ സിംഗും വിമാനക്കമ്പനി ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജെറ്റ് എയര്‍വെയ്‌സ് എന്നിവയ്‌ക്കെതിരെയായിരുന്നു ഇരുവരും രംഗത്തെത്തിയത്.

SHARE