ഫ്‌ളാറ്റ് നിര്‍മാണത്തില്‍ തട്ടിപ്പ്, ടെന്നീസ് സുന്ദരി മരിയ ഷറപ്പോവയ്‌ക്കെതിരേ ഡല്‍ഹിയില്‍ കേസ്, പദ്ധതിയെ ഷറപ്പോവ പിന്തുണച്ചെന്നു കോടതി

ന്യൂഡല്‍ഹി: ആഡംബര ഭവനനിര്‍മ്മാണ തട്ടിപ്പുകേസില്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിക്ക് പിന്നാലെ റഷ്യന്‍ ടെന്നീസ് സുന്ദരിയുടെ പേരിലും ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഷറപ്പോവക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ഉത്തരവിട്ടു. നേരത്തെ അമ്രാപലി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായ ധോണിയും സമാന തട്ടിപ്പില്‍ കുടുങ്ങിയിരുന്നു.

2016 ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് വാഗ്ദാനം ചെയ്ത ഭവന പദ്ധതി നടന്നില്ലെന്നും താന്‍ വഞ്ചനയ്ക്ക് ഇരയായെന്നും ചൂണ്ടിക്കാട്ടി ഗുഡ്ഗാവ് സ്വദേശിയായ ഭാവന അഗര്‍വാള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നിര്‍ദേശം. മൂന്‍കൂട്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തവരില്‍ ഒരാളാണ് ഭാവന. ഭവന പദ്ധതിയെ ഷറപ്പോവ പിന്തുണച്ചതായും പദ്ധതിക്ക് ഷറപ്പോവയുടെ പേരിട്ടത് തെറ്റിധാരണ സൃഷ്ടിച്ചെന്നും നിരീക്ഷിച്ചാണ് ഷറപ്പോവയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്.

ഒരു ഫ്‌ളാറ്റിന് 50 ലക്ഷത്തോളം രൂപ വീതമാണ് നിര്‍മാതാക്കള്‍ ഈടാക്കിയിട്ടുള്ളത്. ആരോപിതരായ കമ്പനിയുടെ ലൈസന്‍സും മറ്റു രേഖകളും പരിശോധിച്ച് വരികയാണ്. കൃതൃമം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്നും കോടതി പറഞ്ഞു.

SHARE