ലോകത്തെ കരുത്തരായ വനിതകള്‍… ഇവാന്‍ക ട്രംപും പ്രിയങ്ക ചോപ്രയും ഒപ്പത്തിനൊപ്പം, ഫോബ്‌സ് പട്ടികയില്‍ ചേക്കേറി ഇന്ത്യന്‍ സുന്ദരി

മുംബൈ: ലോകത്തെ ശക്തരായ നൂറു വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ നടി പ്രിയങ്ക ചോപ്രയും ഇടംപിടിച്ചു. എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് മീഡിയ വ്യക്തിത്വങ്ങളുടെ പട്ടികയില്‍ 15ാം സ്ഥാനമാണ് ബോളിവുഡില്‍നിന്നു ഹോളിവുഡിലേക്കു ചേക്കേറിയ പ്രിയങ്കയ്ക്ക്. പ്രിയങ്കയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍ക ട്രംപുമാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള പുതുമുഖങ്ങള്‍.

‘ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി വിജയം കൈവരിച്ച ഒരു അഭിനേത്രിയാണ് ചോപ്ര എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. എബിസി യുടെ ക്വാണ്ടിക്കോയിലെ താരമെന്ന നിലയ്ക്ക് ടെലിവിഷന്‍ മേഖലയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയും അമേരിക്കന്‍ ടെലിവിഷനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും.’ എന്നാണ് ഫോര്‍ബ്‌സ് വെബ്‌സൈറ്റില്‍ പ്രിയങ്കയുടെ പ്രൊഫൈല്‍ പറയുന്നത്.

വിനോദ മാധ്യമ രംഗത്തെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനവും ആദ്യ നൂറ് പേരില്‍ തൊണ്ണൂറ്റിയേഴാം സ്ഥാനവുമാണ് പ്രിയങ്കയ്ക്ക്. ജര്‍മന്‍ ചാന്‍സ്ലര്‍ ആഞ്ചേല മെര്‍ക്കല്‍ ആണ് പട്ടികയില്‍ ഒന്നാമത്. പോപ്പ് ഗായിക ബിയോണ്‍സ് അന്‍പതാം സ്ഥാനവും ടെയ്‌ലര്‍ സ്വിഫ്റ്റ് എണ്‍പത്തിയഞ്ചാം സ്ഥാനവും നേടി. വിനോദ മാധ്യമ രംഗത്തെ പട്ടികയില്‍ യഥാക്രമം നാലാം സ്ഥാനവും പന്ത്രണ്ടാം സ്ഥാനവുമാണ് ഇരുവരും നേടിയത്.

ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രിയങ്ക യുണിസെഫിന്റെ അംബാസഡര്‍ കൂടിയാണ്. നിലവില്‍ ഹോളിവുഡ് സിനിമകളിലും ടിവിഷോകളിലുമാണ് പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

SHARE