ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്നു ഫഹദ്, നോട്ടീസുകളോടു പ്രതികരിക്കാതെ അമല പോളും സുരേഷ് ഗോപിയും

കൊച്ചി: തന്റെ ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് നടന്‍ ഫഹദ് ഫാസില്‍. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഇക്കാര്യം ഫഹദ് രേഖാമൂലം അറിയിച്ചു. പോണ്ടിച്ചേരിയില്‍ നിന്നും എന്‍ഒസി കിട്ടിയാല്‍ ഉടന്‍ രജിസ്‌ട്രേഷന്‍ മാറുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസിനുള്ള മറുപടിയായി ഫഹദ് അറിയിച്ചത്.

ഫഹദ് ഫാസിലും കാര്‍ നികുതിയില്‍ വെട്ടിപ്പ് നടത്തിയതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പുതുച്ചേരി ആര്‍ടി ഓഫിസിലെ രേഖകളില്‍ നമ്പര്‍ 16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്‌പേട്ട്, പുതുച്ചേരി എന്ന വിലാസമാണ് ഫഹദ് നല്‍കിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ പുതുച്ചേരിയിലെ ഈ വിലാസത്തിലുളള വീട്ടിലെത്തിയപ്പോള്‍ ഫഹദ് ഫാസിലിനെ അറിയില്ല എന്നാണ് വീട്ടുടമസ്ഥ പറഞ്ഞത്.

ഫഹദിന്റെ ആഡംബര കാറായ മേഴ്‌സിഡസ് ഇ ക്ലാസ് ബെന്‍സിന് 70 ലക്ഷം രൂപ വിലവരും. കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് 14 ലക്ഷം രൂപ നികുതിയായി നല്‍കണം. പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ കാര്‍ റജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ കാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേല്‍വിലാസം ഉണ്ടാക്കി ഫഹദ് കാര്‍ പുതുച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

നേരത്തെ നടി അമലപോളും സുരേഷ് ഗോപിയും സമാനരീതിയില്‍ നികുതി വെട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു. അമല പോള്‍ ഉപയോഗിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയിലാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

SHARE