ഭക്ഷണത്തിലും കൈകടത്തി കേന്ദ്രം.. കിച്ച്ടിയെ ഇന്ത്യയുടെ ദേശീയ ഭക്ഷണമായി പ്രഖ്യാപിക്കും, കേരളീയരുടെ കിച്ച്ടി ചോറും പരിപ്പും

ന്യൂഡല്‍ഹി: വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയുടെ ദേശീയ ഭക്ഷണമായി കിച്ച്ടിയെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വേള്‍ഡ് ഫുഡ് ഇന്ത്യ 2017 ല്‍ വെച്ച് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് അടുത്തിടെ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മെഗാ ഇവന്റായാണ് ഭക്ഷ്യമന്ത്രാലയം ഡല്‍ഹിയില്‍ വേള്‍ഡ് ഫുഡ് ഇന്ത്യ 2017 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിട്ടുളളത്.

രാജ്യത്ത് എല്ലായിടത്തും ഒരു പോലെ ഉപയോഗിക്കുന്ന ഭക്ഷണം ആയാണ് കേന്ദ്രം കിച്ച്ടിയെ കാണുന്നത്. അരിയും മറ്റ് ധാന്യങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് കിച്ച്ടി. വടക്കേ ഇന്ത്യയില്‍ കിച്ച്ടി എന്നും തെക്കേ ഇന്ത്യയില്‍ പൊങ്കല്‍ എന്നും ഇത് അറിയപ്പെടുന്നു. അരിയും മറ്റ് ധാന്യങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്ന കിച്ച്ടി ഇന്ത്യയുടെ ഭക്ഷണ ചരിത്രത്തിന്റെ ഭാഗമാണ്. ചോറും പരിപ്പുമാണ് കിച്ചടിക്ക് സമാനമായ കേരളത്തിലെ ഭക്ഷണം.

വേള്‍ഡ് ഫുഡ് ഇന്ത്യ 2017ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാചകവിദഗ്ധര്‍ 800 കിലോഗ്രാം കിച്ച്ടി തയ്യാറാക്കും. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ നേതൃത്വത്തിലുളള ഭക്ഷ്യമന്ത്രാലയമാണ് കിച്ച്ടി ദേശീയ ഭക്ഷണമാക്കാന്‍ തയ്യാറെടുക്കുന്നത്.

SHARE